ഏലൂർ നഗരസഭയിലെ 27-ാം വാർഡായ മാടപ്പാട്ടുനിന്നാണ് സുഭാഷ് ചന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. 2006 സെപ്തംബറില്‍ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് ടൂർ പോയ പത്തംഗ സംഘത്തില്‍ സുഭാഷുമുണ്ടായിരുന്നു. ഗുണ പോയിന്റില്‍ 600 അടിയോളം താഴ്ച്ചയുള്ള കൊക്കയിലേക്കാണ് സുഭാഷ് വീണത്. 87 അടി താഴ്ച്ചയില്‍ തങ്ങി നിന്നു. ഗുണ പോയിന്റിലെ കൊക്കയില്‍ വീണാല്‍ തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത തീരെയില്ലാതെന്നത് യാഥാർഥ്യം. എന്നാല്‍ സുഭാഷിന്റെ ജീവൻ അവന്റെ സുഹൃത്തുക്കള്‍ അതിസാഹസികമായി രക്ഷിച്ചു.

മറ്റ് സുഹൃത്തുക്കളുടെ സഹായത്തോടെ വേലശ്ശേരി സിജു ഡേവിഡ് എന്ന കുട്ടേട്ടൻ കൊക്കയിലേക്ക് ഇറങ്ങി സുഭാഷിനെ പുറത്ത് കൊണ്ടുവരികയായിരുന്നു. ഇവരുടെ യാത്രയുടെയും അതിജീവനത്തിന്റെയും കഥയാണ് 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ പറയുന്നത്. ചിത്രത്തില്‍ സുഭാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനാഥ് ഭാസിയായിരുന്നു. അവിശ്വസനീയമാം വിധത്തില്‍ ജീവിതത്തിലേക്ക് തിരികെയെത്തിയ സുഭാഷ് കന്നി അംഗത്തിന് ഒരുങ്ങുന്നത് മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് പിടിച്ചുകയറിയ അതേ ആത്മവിശ്വാസത്തോടുകൂടി തന്നെയാണ്.