ന്യൂഡൽഹി: 10,000 രൂപ കടം കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 42 കാരനെ സഹപ്രവർത്തകൻ ചുറ്റിക കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തി. ഛത്തർപൂരിലെ ഒരു ഫാം ഹൗസിലാണ് സംഭവം. സീതാറാമെന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ ചന്ദ്രപ്രകാശി(47)നെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പാലമിൽ നിന്നാണ് ഫാംഹൗസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ചന്ദ്രപ്രകാശിനെ പിടികൂടിയത്.
ജൂലൈ 26-ന് ഉത്തർപ്രദേശ് സ്വദേശിയായ സീതാറാം എന്ന വ്യക്തിയെ കാണാതായതായി മെഹ്‌റൗളി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ചന്ദ്രപ്രകാശ് തന്നെയാണ് സീതാറാമിനെ കാണാനില്ലെന്ന് ഫാം ഹൗസ് ഉടമയോട് പറഞ്ഞത്. തുടർന്ന് ഉടമ പരാതി കൊടുക്കുകയായിരുന്നു.
കഴിഞ്ഞ 10 വർഷമായി ഛത്തർപൂരിലെ സ്വകാര്യ ഫാംഹൗസിൽ ജോലിക്കാരനായിരുന്നു സീതാറാമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അങ്കിത് ചൗഹാൻ പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഫാം ഹൗസിനുള്ളിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് സീതാറാമിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം ചന്ദ്രപ്രകാശ് ഒളിവിൽ പോയിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കണ്ടെത്തിയത്.