ന്യൂയോർക്ക് സിറ്റിയിലെ മുസ്ലിം മേയറായ സൊഹ്‌റാൻ മാംദാനി പുതിയ കത്തോലിക്കാ ആർച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തില്ല. സെന്റ് പാട്രിക്സ് കത്തീഡ്രലിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് വിട്ടുനിന്നതോടെ, ഏകദേശം നൂറു വർഷത്തിനിടെ ആ ചടങ്ങിൽ പങ്കെടുക്കാത്ത ആദ്യ ന്യൂയോർക്ക് മേയറായി മാംദാനിമാറി.

എന്നാൽ മുഴുവൻ നഗരത്തിന്റെ നേതാവെന്ന നിലയിൽ, ന്യൂയോർക്കിലെ മത-സാംസ്‌കാരിക മേഖലകളിലെ പ്രധാനപ്പെട്ട പരിപാടികളിൽ മേയർ സന്നിഹിതനാകേണ്ടതാണ്. അതിൽ നിന്നാണ് മാംദാനി വിട്ടു നിന്നത്. ന്യൂയോർക്ക് ഡെയിലി ന്യൂസിന്റെ എഡിറ്റോറിയൽ കോളത്തിൽ ഇതിനെതിരെ വിമർശനം രേഖപ്പെടുത്തിയിരുന്നു.

ഒരു പുതിയ ആർച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണം ന്യൂയോർക്ക് കത്തോലിക്കർക്കു മാത്രമല്ല, നഗരത്തിനും രാജ്യത്തിനും തന്നെ പ്രാധാന്യമുള്ള സംഭവമാണെന്ന് ഡെയ്‌ലി ന്യൂസ് വിലയിരുത്തി. ന്യൂയോർക്ക് ആർച്ച്ബിഷപ്പിനെ ‘അമേരിക്കൻ സഭയുടെ യഥാർഥ നേതാവ്’ എന്ന നിലയിലാണ് കാണുന്നതെന്നും പത്രം ഓർമ്മിപ്പിച്ചു.

പതിറ്റാണ്ടുകളായി ന്യൂയോർക്ക് മേയർമാർ ഇത്തരം ചടങ്ങുകളിൽ സന്നിഹിതരായിരുന്നുവെന്ന പാരമ്പര്യം ചൂണ്ടിക്കാട്ടിയ ഡെയ്‌ലി ന്യൂസ്, “സെന്റ് പാട്രിക്സിലെ ചടങ്ങിൽ നിന്ന് വിട്ടുനിന്നതോടെ മാംദാനി ആ പാരമ്പര്യം ലംഘിച്ചിരിക്കുന്നു” എന്നും വിമർശിച്ചു.

ഡിസംബർ 18-നാണ് ലെയോ പതിനാലാമൻ മാർപാപ്പ, 17 വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം വിരമിച്ച കർദ്ദിനാൾ തിമോത്തി ഡോളനു പകരമായി ബിഷപ്പ് റൊണാൾഡ് ഹിക്സിനെ ന്യൂയോർക്കിന്റെ പുതിയ ആർച്ച്ബിഷപ്പായി നിയമിച്ചത്. അതിനുശേഷം സ്ഥാനാരോഹണ ചടങ്ങിന് ഏകദേശം 50 ദിവസത്തെ സമയം ഉണ്ടായിരുന്നുവെന്നും, ആ കാലയളവിൽ നിയുക്ത മേയറായ മാംദാനി ആർച്ച്ബിഷപ്പുമായി ആശയവിനിമയം നടത്തേണ്ടതായിരുന്നുവെന്നും ഡെയ്‌ലി ന്യൂസ് കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച രാവിലെ, സെന്റ് പാട്രിക്സിൽ നിന്ന് പത്ത് ബ്ലോക്കിൽ താഴെ അകലെയുള്ള ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിൽ നടന്ന വാർഷിക പ്രാർഥനാ പ്രഭാതഭക്ഷണത്തിൽ മേയർ പങ്കെടുത്തിരുന്നുവെന്നതിനാൽ, ഉച്ചകഴിഞ്ഞുള്ള സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നുവെന്ന് പത്രങ്ങൾ വിലയിരുത്തി.

ന്യൂയോർക്ക് പോസ്റ്റ് മേയറുടെ അസാന്നിധ്യത്തെ ശക്തമായി വിമർശിച്ചു. “ഏകദേശം നൂറു വർഷത്തിനിടയിൽ ആദ്യമായി, ദശലക്ഷക്കണക്കിന് കത്തോലിക്കരെ അവഗണിച്ചുകൊണ്ട് ഒരു നഗരത്തിന്റെ മേയർ പ്രാദേശിക ആർച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണം ഒഴിവാക്കി,” എന്ന് പത്രം കുറിച്ചു.

മുൻ ന്യൂയോർക്ക് മേയർ എറിക് ആഡംസും വിഷയത്തിൽ പ്രതികരിച്ചു. “ന്യൂയോർക്ക് നഗരത്തിന്റെ അടിത്തറ നമ്മുടെ മതസമൂഹങ്ങളാണ്. നഗരത്തിനായുള്ള കത്തോലിക്കാ സഭയുടെ ദൈനംദിന സേവനം അനിവാര്യമാണ്,” എന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. പുതിയ ആർച്ച്ബിഷപ്പിന് ഊഷ്മളമായ സ്വാഗതവും അദ്ദേഹം അറിയിച്ചു.