ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിളിച്ചതിന് ന്യായീകരണവുമായി ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി. ദീപാവലി ദിനത്തിൽ അമേരിക്കൻ ഹിന്ദു വോട്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിക്കെതിരെ നടത്തിയ പരാമർശങ്ങൾ മംദാനി ന്യായീകരിച്ചത്. താൻ വളർന്നത് ബഹുസ്വരതയെ ആഘോഷിക്കുന്ന ഒരു ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയും ബിജെപിയും ചിലതരം ഇന്ത്യക്കാർക്ക് മാത്രം ഇടമുള്ള ഒരു രാജ്യമെന്ന കാഴ്ചപ്പാടോടെയാണ് ഇന്ത്യയെ നയിക്കുന്നതെന്ന് മംദാനി പറഞ്ഞു. ‘ഞാൻ വളർന്നുവന്ന ഇന്ത്യ ബഹുസ്വരതയുള്ളതും മതഭേദമന്യേ എല്ലാവർക്കും സ്ഥാനമുള്ളതുമായ ഒരു ഇന്ത്യയായിരുന്നു. ആ കാഴ്ചപ്പാട് കാരണമാണ് ഞാൻ മോദിയെ വിമർശിച്ചത്. ചിലതരം ഇന്ത്യക്കാർക്ക് മാത്രം സ്ഥാനമുള്ള ഒരു ഇന്ത്യ എന്ന കാഴ്ചപ്പാടിന്റെ പേരിലാണ് മോദിയെയും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെയും ഞാൻ വിമർശിക്കുന്നത്. ബഹുസ്വരത ആഘോഷിക്കപ്പെടേണ്ടതും അതിനായി പരിശ്രമിക്കേണ്ടതുമായ ഒന്നാണെന്ന വിശ്വാസത്തിന്റെ ഭാഗമാണത്.’ അദ്ദേഹം പറഞ്ഞു.

’85 ലക്ഷം ജനങ്ങളുള്ള ന്യൂയോർക്ക് സിറ്റിയുടെ മേയറാകാനാണ് ഞാൻ മത്സരിക്കുന്നത്. പലർക്കും മോദിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം, അത് അവരുടെ അവകാശമാണ്. ഞാൻ അവരെയെല്ലാം ഒരുപോലെ പ്രതിനിധീകരിക്കും. അവരുടെ സുരക്ഷ ഉറപ്പാക്കുകയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്വമാണ്.’ ന്യൂയോർക്ക് സിറ്റിയിലെ ഹിന്ദു-അമേരിക്കൻ സമൂഹവുമായുള്ള കൂടിക്കാഴ്ച്ചയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്ഥാനാർത്ഥി ഫോറത്തിൽ ന്യൂയോർക്ക് സന്ദർശനത്തിനിടെ മോദിയോടൊപ്പം വേദി പങ്കിടുമോ എന്ന ചോദ്യത്തിന്, മോദിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി താരതമ്യം ചെയ്ത മംദാനി ഇരുവരെയും ‘യുദ്ധക്കുറ്റവാളികൾ’ എന്ന് വിശേഷിപ്പിച്ചിരുന്നു.

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. പുതിയ സർവേകൾ പ്രകാരം, മംദാനിയുടെ എതിരാളിയായ സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്രൂ ക്വോമോ 13 ശതമാനം പോയിന്റുകൾക്ക് പിന്നിലാണ്. മൂന്നാം സ്ഥാനത്തുള്ള റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ  പിന്മാറിയാൽ മംദാനിക്ക് മത്സരം കൂടുതൽ കഠിനമാകും.