പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതിയിൽ സ്വയം വാദിച്ച് മുഖ്യമന്ത്രി മമത ബാനർജി. അഭിഭാഷകയായ മമത ബാനർജി 45 വർഷങ്ങൾക്ക് ശേഷമാണ് വക്കീൽ കുപ്പായം അണിഞ്ഞത്. എസ്ഐആറിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനമാണ് മമത ബാനർജി ഉന്നയിച്ചത്.  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് മമത ബാനർജി പറഞ്ഞു. ബംഗാൾ സർക്കാരിന്റെ രേഖകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്നില്ലെന്ന് മമത വാദിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 

കേവലം വോട്ടര്‍ പട്ടികയിലെ പേരുകളില്‍ മാത്രമല്ല വ്യത്യാസം. വിവാഹ ശേഷം ഭര്‍ത്താവിൻ്റെ വീടുകളിലേക്ക് പോയ യുവതികളുടെയും പേര് പോലും ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കമ്മീഷൻ്റെ തീവ്ര പരിഷ്‌കരണ നടപടി. 24 വര്‍ഷത്തിന് ശേഷം എന്തിനാണ് വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം. മൂന്ന് മാസം കൊണ്ട് വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ എന്തിനാണ് തിടുക്കം കാട്ടുന്നതെന്നും മമത ചോദിച്ചു.

സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ലെന്നും മമത വാദിച്ചു. അതേസമയം ആവശ്യത്തിന് ജീവനക്കാരെ ബംഗാൾ സർക്കാർ നൽകുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. മമതാ ബാനര്‍ജിയുടെ ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച കോടതി തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കാനും നിർദേശിച്ചു. എസ്‌ഐആറിന് നിയോഗിച്ച ബി വിഭാഗം ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.