ഡല്‍ഹി മാളവ്യ നഗറിലെ തീപിടിത്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നൈജീരിയ സ്വദേശിയാണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി.

ഫ്‌ളോറിഷ് ഇന്‍ എന്ന ഹോട്ടലിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. അഗ്നി മുകളിലത്തെ നിലകളിലേക്ക് പടര്‍ന്നതോടെ ഹോട്ടലിലെ അതിഥികളെല്ലാം കുടുങ്ങി. സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളുമാണ് അപകടത്തില്‍ അകപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായപ്പോഴേക്കും പലരും ശ്വാസം മുട്ടി മരിച്ചിരുന്നു. ഭൂരിഭാഗവും നൈജീരിയ, മൊസാംബിക്, സോമാലിയ, ലൈബീരിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളാണ്.

ഇടുങ്ങിയ വഴികളിലൂടെ അഗ്നിശമന സേനയടക്കം രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ വൈകിയതോടെ പ്രാണരക്ഷാര്‍ഥം കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടി കൈകാലുകള്‍ ഒടിഞ്ഞവരും ചികിത്സയിലുണ്ട്. അപകടത്തില്‍ അന്വേഷണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമവിരുദ്ധമായി ഇരുപത്തിയഞ്ച് മുറികള്‍ പ്രവര്‍ത്തിക്കുന്നതും, അഗ്നിരക്ഷാ സംവിധാനങ്ങളുടെയും എമര്‍ജന്‍സി എക്‌സിറ്റുകളുടെയും അഭാവവും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. പൊലീസും മുനിസിപ്പല്‍ കോര്‍പറേഷനും അന്വേഷണവുമായി മുന്നോട്ടുപോകുന്നു.