ഛത്തീസ്ഗഡില്‍ ഒരു പ്രസംഗത്തിനിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുടെ പേരുകള്‍ തെറ്റായി ഉച്ചരിച്ച് വിവാദത്തിലായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. റായ്പൂരിലെ സയന്‍സ് ഗ്രൗണ്ടില്‍ സംസാരിക്കവെ ഖാര്‍ഗെ രാഷ്ട്രപതിയുടെ പേര് ‘മുര്‍മ ജി’ എന്ന് പരാമര്‍ശിക്കുന്നത് കേള്‍ക്കാം. ‘മുര്‍മു’ എന്ന് തിരുത്തിയതിന് ശേഷം ‘കോവിന്ദ്’ എന്നതിന് പകരം ‘കോവിഡ്’ എന്ന് അദ്ദേഹം പരാമര്‍ശിച്ചു. 

ഛത്തീസ്ഗഢ് വനങ്ങളില്‍ ബിജെപിയും സുഹൃത്തുക്കളായ വ്യവസായികളും വന്‍തോതില്‍ മരം മുറിക്കുകയും ഭൂമി കൈയേറുകയുമാണെന്ന് ഖാര്‍ഗെ ആരോപിച്ചു. ‘നമ്മുടെ വെള്ളവും കാടും ഭൂമിയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്, അതിനാല്‍ നമ്മള്‍ ഒരുമിക്കേണ്ടതുണ്ട്… അവര്‍ (ബിജെപി) പറയുന്നു, ഞങ്ങള്‍ മുര്‍മ്മയെ (ദ്രൗപതി മുര്‍മു) രാഷ്ട്രപതിയാക്കി, കോവിഡിനെ (കോവിന്ദ്) രാഷ്ട്രപതിയാക്കി, പക്ഷേ എന്തിന്? നമ്മുടെ വിഭവങ്ങള്‍ മോഷ്ടിക്കാന്‍, നമ്മുടെ കാടും ജലവും ഭൂമിയും മോഷ്ടിക്കാന്‍. ഇന്ന് അദാനിയെയും അംബാനിയെയും പോലെയുള്ളവര്‍ അത് കൈയേറുന്നു,’ .

ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസില്‍ ആഴത്തില്‍ വേരൂന്നിയ ദളിത് വിരുദ്ധ മാനസികാവസ്ഥയാണ് രാഷ്ട്രപതിക്കും മുന്‍ രാഷ്ട്രപതിക്കും എതിരായ ഖാര്‍ഗെയുടെ വിഷലിപ്തമായ പരാമര്‍ശങ്ങളിലൂടെ പുറത്തു വന്നതെന്ന് ബിജെപി വക്താവ് സിആര്‍ കേശവന്‍ ആരോപിച്ചു. ബാബാ സാഹേബ് അംബേദ്കര്‍ക്ക് ഭാരത് രത്‌ന നിഷേധിച്ചത് മുതല്‍ പിന്നാക്ക സമൂഹങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന നേതാക്കളെ ആക്ഷേപിക്കുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസിനുള്ളതെന്നും കേശവന്‍ ആരോപിച്ചു.