ഇന്ത്യൻ സൈന്യത്തിൽ ഫാർമസിസ്റ്റായ തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെ കാണാതായി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് ഫർസീനെ കാണാതായത്. പുണെയിൽ നിന്ന് ബറേലിയിലേക്കുള്ള യാത്രാമധ്യേയാണ് ഇദ്ദേഹത്തെ കാണാതായതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.

പുണെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നു ഫർസീൻ. അടുത്തിടെ ബറേലിയിലെ ആംഡ് ഫോഴ്‌സ് ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചിരുന്നു. പുതിയ ചുമതലയേൽക്കുന്നതിനായി ജൂലൈ 11-ന് അദ്ദേഹം ട്രെയിനിൽ ബറേലിയിലേക്ക് യാത്ര തിരിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് ഫർസീൻ അവസാനമായി ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചത്. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്ന് ബന്ധുക്കളും സൈനിക ഉദ്യോഗസ്ഥരും അറിയിച്ചു. ഫർസീനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. റെയിൽവേ പോലീസ്, പ്രാദേശിക പോലീസ് എന്നിവരുമായി സഹകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.