മലപ്പുറം കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത നവവധുവിൻ്റെ സംസ്കാരം ഇന്ന്. 19കാരിയായ ഷഹാന മുംതാസിന്റെ ഖബറടക്കം രാവിലെ കൊണ്ടോട്ടി പഴയങ്ങാടി വലിയ ജുമാ മസ്ജിദിൽ ആണ് നടക്കുക. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കൊണ്ടോട്ടി പൊലീസ് ഇന്ന് കേസ് എടുത്തേക്കും.
നിറത്തിൻ്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ ഷഹാന ജീവനൊടുക്കിയെന്നാണ് പരാതി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസിൽ പരാതി നൽകി.



