തിരുവനന്തപുരം: നടുറോഡിൽ നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷുമായുള്ള തർക്കത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണ. മാധവ് വാഹനം കുറുകെനിർത്തിയതിന് പിന്നാലെ ​ഗതാ​ഗതതടസ്സമുണ്ടായി. പിറകിലുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ആളുകൾ ബഹളം വെച്ചെന്നും വിനോദ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി 11-ഓടെ തിരുവനന്തപുരം ശാസ്തമംഗലം ജങ്ഷനിലായിരുന്നു സംഭവം.

ട്രാക്ക് നോക്കി വണ്ടി ഓടിക്കാനായി ആരോ ബഹളം ഉണ്ടാക്കുന്നത് കേട്ടാണ് ഞാൻ നോക്കിയത്. എന്റെ വാഹനത്തിന്റെ ഡോറോ മറ്റോ തുറന്ന് കിടക്കുന്നു എന്നാണ് ആദ്യം ഞാൻ കരുതിയത്. – വിനോദ് കൃഷ്ണ പറഞ്ഞു.

പോലീസ് വന്ന് പഠിപ്പിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് വാഹനം കുറുകെ നിർത്തി. ഗതാഗത തടസ്സം ഉണ്ടായി. എന്റെ വാഹനത്തിന്റെ പുറകെ കിടന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചു. ആളുകൾ ബഹളം ഉണ്ടാക്കിയെന്നും വാഹനം മാറ്റിച്ചെന്നും അദ്ദേഹം പറഞ്ഞു.

മാധവിനോട് വാഹനം മാറ്റാനും നാണക്കേടാകുമെന്ന് പറഞ്ഞിരുന്നതായും വിനോദ് പ്രതികരിച്ചു. ആദ്യമേ അത് മാധവ് ആണെന്ന് തനിക്ക് മനസ്സിലായെന്നും എന്നാൽ താൻ ആരാണെന്ന് അദ്ദേഹത്തിനോട് പറഞ്ഞില്ല. ആരെയൊക്കെയോ അദ്ദേഹം വിളിക്കുന്നുണ്ടായിരുന്നു. ഞാൻ ഒടുവിൽ പോലീസിനെ വിളിച്ചു. – വിനോദ് കൂട്ടിച്ചേർത്തു.

ശാസ്തമംഗലത്തെ വീട്ടിൽനിന്ന് വെള്ളയമ്പലത്തേക്ക് പോവുകയായിരുന്നു നടൻ മാധവ് സുരേഷ്. ഇവിടെവെച്ച് കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണ ഓടിച്ച വാഹനവുമായി നേർക്കുനേർ വരികയായിരുന്നു. വാഹനം കൂട്ടിമുട്ടുന്ന സ്ഥിതിയിലേക്ക് വന്നപ്പോൾ, അവിടെ തന്നെ നിർത്തി ഇരുവരും പുറത്തിറങ്ങി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. കെപിസിസി അംഗമാണ് വിനോദ് കൃഷ്ണ.

തർക്കത്തെ തുടർന്ന് ആളുകൂടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. 15 മിനിറ്റോളം ഇരുവരും വാക്കുതർക്കത്തിൽ എർപ്പെട്ടു. വിനോദ് കൃഷ്ണ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. മാധവ് മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുള്ളതായി വിനോദ് പോലീസിനോട് പറഞ്ഞു. തുടർന്നാണ് മാധവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

വിനോദിനോടും പോലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനയിൽ മാധവ് മദ്യപിച്ചില്ലെന്ന് വ്യക്തമായി. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ മധ്യസ്ഥചർച്ച നടത്തി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. പരാതിയില്ലെന്ന് വിനോദ് എഴുതി നൽകിയതിനെത്തുടർന്നാണ് മാധവിനെ വിട്ടയച്ചത്.