സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ നടക്കുന്ന ആഭ്യന്തര തർക്കങ്ങളെ പരിഹസിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. യു.ഡി.ഫിലെ ആഭ്യന്തര ഭിന്നതകൾ പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തിൽ പാർട്ടി സംസ്ഥാന ഘടകം ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

“എല്ലാവർക്കും അറിയാവുന്നത് പോലെ, മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും വലിയ പോരാണ് നടക്കുന്നത്. അതിനാൽ പ്രതിപക്ഷ നേതാവിനെ കുറിച്ച് ചർച്ച ചെയ്യാനും തീരുമാനിക്കാനും പ്രതിപക്ഷത്തിന് ധൃതിയില്ല,” ബേബി കൂട്ടിച്ചേർത്തു. ഇക്കാര്യം കേരളത്തിൽ ചർച്ച ചെയ്യുമെന്നും ശരിയായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പ് പോര് കാരണം കേരളത്തിലെ കോൺഗ്രസ് സർക്കാരുകൾ പലപ്പോഴും അസ്ഥിരത നേരിട്ടുണ്ടെന്നും ബേബി ഓർമിപ്പിച്ചു.