ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫേല്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്‍ അവകാശവാദം തള്ളി ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സോ ഏവിയേഷന്‍ ചെയര്‍മാനും സിഇഒയുമായ എറിക് ട്രാപ്പിയര്‍. അതേസമയം സാങ്കേതിക തകരാര്‍ മൂലം ഒരു റഫേല്‍ യുദ്ധവിമാനം ഇന്ത്യക്ക് നഷ്ടപ്പെട്ടുവെന്ന് എറിക് ട്രാപ്പിയര്‍ വ്യക്തമാക്കി.
ശത്രുവിന്റെ ഒരു തരത്തിലുമുള്ള ഇടപെടലുമില്ലാതെയാണ് ഒരു റഫേല്‍ യുദ്ധവിമാനം നഷ്ടപ്പെട്ടതെന്ന് ട്രാപ്പിയര്‍ സമ്മതിച്ചതായി ഫ്രഞ്ച് വെബ്‌സൈറ്റ് ഏവിയോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്നു പറക്കുന്നതിനിടെ സാങ്കേതിക തകരാര്‍ മൂലമാണ് ഈ വിമാനം നഷ്ടപ്പെട്ടതെന്നും ട്രാപ്പിയര്‍ പറഞ്ഞു. ദസ്സോയ്ക്ക് കൈമാറിയ വിമാന രേഖകള്‍ യുദ്ധത്തില്‍ നഷ്ടമൊന്നും സംഭവിച്ചെന്ന് സൂചിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 7 ന് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനിടെ തങ്ങളുടെ ജെ-10സി മള്‍ട്ടിറോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ് വിക്ഷേപിച്ച പിഎല്‍15ഇ ലോംഗ് റേഞ്ച് മിസൈലുകള്‍ മൂന്ന് റാഫേല്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. തെളിവുകളൊന്നും നല്‍കാതെയാണ് ഈ വാദങ്ങള്‍ ഉന്നയിച്ചത്.