അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനം റദ്ദാക്കി. സൈനിക നിയമം അടിച്ചേല്‍പ്പിക്കാനുള്ള ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന്റെ ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
യാത്രാ പദ്ധതികളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ദക്ഷിണ കൊറിയയുമായി കൂടിയാലോചിച്ചതായി ഒരു ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനാരോഹണം ചെയ്യുന്ന ജനുവരി 20 ന് ഓസ്റ്റിന്‍ സ്ഥാനമൊഴിയാനിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകിട്ടാണ് ദക്ഷിണ കൊറിയയില്‍ യൂണ്‍ സൈനികനിയമം പ്രഖ്യാപിച്ചത്. അധികാരം ഉറപ്പിക്കാനും രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കാനും മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യാനും ഇതിലൂടെ അദ്ദേഹം ശ്രമിച്ചു.
തീരുമാനത്തിലെതിരെ ജനങ്ങള്‍ വന്‍തോതില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. യുഎസ് അടക്കം ദക്ഷിണ കൊറിയയുടെ അന്താരാഷ്ട്ര സഖ്യകക്ഷികളില്‍ ഇത് ആശങ്കയ്ക്കും കാരണമായി.
കൊറിയന്‍ പാര്‍ലമെന്റ് ഏകപക്ഷീയമായി സൈനികനിയമ പ്രഖ്യാപനം റദ്ദാക്കിയതോടെ പ്രസിഡന്റ് അത് പിന്‍വലിച്ചു. നീക്കം ശുപാര്‍ശ ചെയ്ത ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി കിം യോങ്-ഹ്യൂണ്‍ പിന്നാലെ രാജി വെച്ചു.



