ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ പ്രൊഫ. വി. കാമകോടിയുടെ വാദത്തെ പിന്തുണച്ച ‘സോഹോ’ സഹസ്ഥാപകനും സി.ഇ.ഒയുമായ ശ്രീധർ വെമ്പുവിനെ കടന്നാക്രമിച്ച് കരൾരോഗ വിദഗ്ധനും ഗവേഷകനുമായ ഡോ. സിറിയക് അബി ഫിലിപ്സ്. സാമൂഹികമാധ്യമങ്ങളിൽ ‘ലിവർ ഡോക്ടർ’ എന്നറിയപ്പെടുന്ന ഡോ. സിറിയക്, എക്സിലൂടെയാണ് വെമ്പുവിനെതിരെ വിമർശനവും പരിഹാസവും ഉയർത്തിയത്.

‘ശാസ്ത്രബോധമില്ലാത്ത പഴഞ്ചൻ അമ്മാവാ, നിങ്ങളുടെ ഇപ്പറയുന്ന ഇന്ത്യൻ പരമ്പരാഗത ചികിത്സാശൈലിയായ സിദ്ധയും ഫീക്കൽ ട്രാൻസ്പ്ലാന്റ്സിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എത്രകാലം നിങ്ങൾ ഇങ്ങനെ വിവരമില്ലാതെ സംസാരിക്കും, ഫോളോവേഴ്സിനെ തെറ്റിദ്ധരിപ്പിക്കും, സ്വയം വിഡ്ഢിയാകും?, ഡോ. സിറിയക് അബി ഫിലിപ്സ് ചോദിക്കുന്നു.

‘പ്രാചീനമായ അസംബന്ധങ്ങളെയും പ്രാകൃത ചികിത്സാരീതികളെയും പ്രോത്സാഹിപ്പിക്കുകയും, ഐ.ഐ.ടി. മദ്രാസിലെ പ്രൊഫസറെപ്പോലെ തെറ്റിദ്ധാരണ പരത്തുന്ന വിഡ്ഢികളുടെ ഉച്ചഭാഷിണിയാകുകയും ചെയ്യുന്നതിന് പകരം, ഒരു സമൂഹം എന്ന നിലയിൽ എങ്ങനെ നമുക്ക് ശാസ്ത്രത്തിലൂടെയും ശാസ്ത്രീയമാർഗങ്ങളിലൂടെയും പുരോഗതി കൈവരിക്കാമെന്നുള്ള വിവരങ്ങൾ പങ്കുവെക്കൂ’, ലിവർ ഡോക് പറയുന്നു. മൂത്രചികിത്സ കൊണ്ട് നേട്ടങ്ങളൊന്നുമില്ലെന്നും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുപിന്നിൽ ശാസ്ത്രീയതയില്ലെന്നും ഡോ. സിറിയക് അബി ഫിലിപ്സ് ചൂണ്ടിക്കാട്ടുന്നു.

ഗോമൂത്രത്തിനും ചാണകത്തിനും ഗുണങ്ങളുണ്ടെന്നത് അന്ധവിശ്വാസത്തിലൂന്നിയ വ്യാജചികിത്സയല്ലെന്ന് ഐ.ഐ.ടി. പ്രൊഫസറുടെ വാദത്തെ പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റിൽ ശ്രീധർ വെമ്പു പറഞ്ഞിരുന്നു.