ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്‍റെ എതിർപ്പ് തള്ളി ഇന്ത്യ. അന്യായവും അംഗീകരിക്കാൻ കഴിയാത്തതും ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതുമായ അവകാശവാദം എന്നാണ് ഇന്ത്യയുടെ പ്രതികരണം. കാലാപാനി-ലിപുലേഖ്-ലിമ്പിയാധുര മേഖലയിലൂടെയുള്ള ഹിമാലയൻ ചുരം വഴിയുള്ള ഇന്ത്യ-ചൈന വ്യാപാരം വീണ്ടും പുനരാരംഭിക്കുന്നതിനെ നേപ്പാൾ വിദേശകാര്യ മന്ത്രാലയം എതിർത്തതിനെ തുടർന്നാണ് ഇന്ത്യയുടെ പ്രതികരണം. ഈ പ്രദേശം നേപ്പാളിന്റെ ഭൂപടത്തിലും ചരിത്രപരമായ ഉടമ്പടികളിലും ഉൾപ്പെടുന്നതാണെന്ന് കാഠ്മണ്ഡു വാദിക്കുന്നു.
അതേസമയം ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് സ്ഥിരവും വ്യക്തവുമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. 1954-ൽ ലിപുലേഖ് ചുരം വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വ്യാപാരം ആരംഭിച്ചതാണ്. ഇത് പതിറ്റാണ്ടുകളായി നടന്നുവരുന്നു. കൊവിഡ്, മറ്റ് സംഭവ വികാസങ്ങൾ എന്നിവ കാരണം വ്യാപാരം ഇക്കഴിഞ്ഞ വർഷങ്ങളിൽ തടസ്സപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും അത് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അതിർത്തി പ്രശ്‌നങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കുന്നതിന് നേപ്പാളുമായി ക്രിയാത്മകമായ ഇടപെടലുകൾക്ക് ഇന്ത്യ സന്നദ്ധമാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
എന്നാൽ മഹാകാളി നദിയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ലിമ്പിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ നേപ്പാളിന്റെ അവിഭാജ്യ ഭാഗങ്ങളാണെന്നാണ് നേപ്പാൾ സർക്കാർ വ്യക്തമാക്കിയത്. ഇവ നേപ്പാളി ഭൂപടത്തിലും ഭരണഘടനയിലും ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളുമായി നേപ്പാൾ 1850 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്നുണ്ട്.