കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ ചില ‘സർപ്രൈസുകൾക്ക് സാധ്യത. ഒരു വനിതയെ ഇത്തവണ നിയമസഭയിലെത്തിക്കാൻ പാർട്ടി ലക്ഷ്യമിടുന്നു. കഴിഞ്ഞ തവണ കാൽനൂറ്റാണ്ടിന് ശേഷം വനിതാ സ്ഥാനാർഥി പരീക്ഷണം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. 2021-ൽ കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിനെ മത്സരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ലീഗ് തുടർച്ചയായി ജയിച്ചുവന്ന, മൂന്നുതവണ എം.കെ മുനീറിനെ നിയമസഭയിലേക്ക് അയച്ച സൗത്ത് മണ്ഡലമാണ് കഴിഞ്ഞ തവണ നൂർബിനയെ കൈവിട്ടത്. ഐ.എൻ.എല്ലിൽ നിന്ന് മത്സരിച്ച അഹമ്മദ് ദേവർകോവിൽ വിജയിക്കുകയും മന്ത്രിയാവുകയും ചെയ്തു. ഇത് ലീഗിനെ സംബന്ധിച്ച് വലിയ നാണക്കേടാണ് അന്നുണ്ടാക്കിയത്.
ഇത്തവണയും പാർട്ടിയുടെ സ്ഥാനാർഥികളിൽ വനിതാ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഉറപ്പ്. ചിലപ്പോൾ അത് രണ്ട് പേരാകാനും സാധ്യതയുണ്ട്. പാർട്ടിയുടെ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും ദളിത് മുഖവും വയനാട് സ്വദേശിയുമായ ജയന്തി രാജൻ സ്ഥാനാർഥിയായി ഇത്തവണ ലീഗിന്റെ പട്ടികയിലുണ്ടാകാനാണ് എല്ലാ സാധ്യതയും. ജനറൽ സീറ്റിലാകുമോ അതോ സംവരണ സീറ്റ് കോൺഗ്രസുമായി വച്ചുമാറി അതിലാകുമോ മത്സരം എന്നാണ് അറിയാനുള്ളത്.
മുമ്പ് കുന്നമംഗലം സംവരണ സീറ്റായിരുന്നപ്പോൾ രണ്ട് ടേമിൽ യു.സി രാമൻ പാർട്ടിയുടെ പ്രതിനിധിയായി സഭയിലുണ്ടായിരുന്നു. എന്നാൽ മണ്ഡല പുനരേകീകരണത്തോടെ കുന്നമംഗലത്തിന് പകരം ബാലുശ്ശേരിയായി കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റ്. 2011 ൽ ജനറൽ സീറ്റായി കുന്നമംഗലം മാറിയിട്ടും യു.സി രാമനെ പാർട്ടി മത്സരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. 2016 ൽ കുന്നമംഗലവും ബാലുശ്ശേരിയും ലീഗും കോൺഗ്രസും സീറ്റുകൾ വച്ചുമാറി. എന്നാൽ പുരുഷൻ കടലുണ്ടിയോട് യു.സി രാമൻ പരാജയപ്പെട്ടു. കഴിഞ്ഞ തവണ സീറ്റ് വിഭജനത്തിൽ ബാലുശ്ശേരി കോൺഗ്രസ് ഏറ്റെടുത്ത് ചലച്ചിത്ര താരം ധർമ്മജനെ മത്സരിപ്പിച്ചെങ്കിലും ജയിക്കാനായില്ല. ജയന്തിക്കായി പരിഗണിക്കുന്ന സീറ്റുകളിലൊന്ന് ബാലുശ്ശേരിയാണ്. ലീഗും കോൺഗ്രസും തമ്മിൽ ചില സീറ്റുകൾ വച്ചുമാറാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അതിൽ ധാരണയിലെത്തുന്നതിന് അനുസരിച്ചാകും അന്തിമ തീരുമാനം. തിരുവമ്പാടി അടക്കം അതിലുണ്ട്. ബാലുശ്ശേരി കോൺഗ്രസുമായി വച്ചുമാറിയാൽ ജയന്തിയാകും അവിടെ സ്ഥാനാർഥി. ജനറൽ സീറ്റിലാണെങ്കിൽ ലീഗിൽ മൂന്ന് ടേം മാനദണ്ഡപ്രകാരം ഒഴിവാക്കപ്പെടുന്നവരുടെ സീറ്റുകളിൽ ഒന്നോ കോഴിക്കോട് സൗത്തിലോ അവർ വരാനുള്ള സാധ്യതയും തള്ളാനാകില്ല.
എം.കെ മുനീർ കോഴിക്കോട് സൗത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. ഇതിൽ തീരുമാനമായില്ലെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ലീഗ് നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. ഇതോടെയാണ് ജയന്തിക്ക് സാധ്യതയേറിയത്. കഴിഞ്ഞ തവണ നൂർബിന റഷീദ് കോഴിക്കോട് സൗത്തിൽ മത്സരിക്കാനെത്തിയപ്പോൾ 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അഹമ്മദ് ദേവർകോവിൽ വിജയിച്ചുകയറിയത്. ഇതോടെ ലീഗിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിടുന്ന അവസ്ഥ വരെയുമുണ്ടായി.



