തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ ട്രെൻഡ് എന്താണെന്നറിയാൻ മാതൃഭൂമി നടത്തിയ സർവേയിൽ 70 മണ്ഡലങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 33 മണ്ഡലങ്ങളിൽ എൽഡിഎഫിനും 32 ഇടത്ത് യുഡിഎഫിനും മുൻതൂക്കം. എൻഡിഎയ്ക്ക് സീറ്റുകളൊന്നും തന്നെ സർവേയിൽ പ്രവചിച്ചില്ല. അഞ്ചിടത്ത് ശക്തമായ മത്സരം നടക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.
മണലൂർ, ചങ്ങനാശ്ശേരി, തിരുവല്ല, കോതമംഗലം, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളിൽ യുഡിഎഫ് അട്ടിമറി ജയത്തിന്റെ സൂചനകളും സർവേ പ്രവചിക്കുന്നുണ്ട്. അഞ്ചിടത്ത് കടുത്ത മത്സരം നടക്കുമെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പുറത്തുവിട്ട 70 മണ്ഡലങ്ങളുടെ സർവേ ഫലങ്ങളിൽ 18 സീറ്റുകൾ എൽഡിഎഫിന് നഷ്ടപ്പെട്ടേക്കാമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 13 ഇടങ്ങളിൽ യുഡിഎഫ് അട്ടിമറി ജയസാധ്യതയും പ്രവചനം. മഞ്ചേശ്വരം അടക്കം അഞ്ച് മണ്ഡലത്തിൽ ശക്തമായ മത്സരം നടക്കുമെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് 34.62 ശതമാനം പേരും മികച്ചത് എന്നാണ് പ്രതികരിച്ചത്. ശരാശരി- 28.29%, മോശം- 33.05% അഭിപ്രായം ഇല്ല- 4.04% എന്നിങ്ങനെയായിരുന്നു പ്രതികരണം.
പ്രതിപക്ഷ നിരയിലെ മികച്ച നേതാവ് ആര് എന്ന ചോദ്യത്തിന്, 51.51% പേരും വി.ഡി. സതീശന്റെ പേരാണ് തിരഞ്ഞെടുത്തത്. 48.49% പേർ ചെന്നിത്തലയെന്ന് പ്രതികരിച്ചു.
നാല് ദിവസങ്ങളിലായാണ് സർവേ ഫലങ്ങൾ മാതൃഭൂമി പുറത്തുവിടുന്നത്. ഞായർ, തിങ്കൾ ദിനങ്ങളിൽ ബാക്കിയുള്ള മണ്ഡലങ്ങളിലെ രാഷ്ട്രീയ സ്ഥിതികളെക്കുറിച്ചുള്ള സർവേ പ്രവചനങ്ങൾ ഉണ്ടാകും. ടി 20 ലോകകപ്പ് ഫൈനൽ നടക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 7 മണിവരെയായിരിക്കും പോൾ ട്രെൻഡ്സ്.
മാതൃഭൂമിക്കുവേണ്ടി സിറ്റിസൺ ഒപ്പീനിയൻ റിസർച്ച് ആൻഡ് ഇവാല്യൂവേഷൻ സെന്റർ കോർ ആണ് സർവേ നടത്തിയിരിക്കുന്ന്. 16,000 കേന്ദ്രങ്ങളിൽനിന്ന് 28432 സാമ്പിളുകളാണ് സർവേയിൽ ഉപയോഗിച്ചിരിക്കുന്നത്.
ഓരോ മണ്ഡലങ്ങളിലും എംഎൽഎമാർക്ക് എത്രത്തോളം ജനസ്വീകാര്യതയുണ്ട്, പിണറായി സർക്കാരിന് ജനം എത്ര മാർക്ക് നൽകും, പ്രതിപക്ഷത്തിന്റെ പ്രവർത്തനം ജനം എങ്ങനെ വിലയിരുത്തുന്നു, ആരാകണം അടുത്ത മുഖ്യമന്ത്രി തുടങ്ങിയ ചോദ്യങ്ങൾക്ക് ജനം മറുപടി പറയുന്നു. 70 മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യമാണ് രണ്ടു ദിവസങ്ങളിലായി മാതൃഭൂമി പുറത്തുവിട്ടത്. ബാക്കിയുള്ള 70 മണ്ഡലങ്ങളുടെ ഫലം ഞായർ, തിങ്കൾ ദിവസങ്ങളിലായി അറിയാം.



