നടി അന്‍സിബ ഹസനെതിരെ പത്ത് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ. അന്‍സിബയുടെ പരാതിക്ക് പിന്നില്‍ വര്‍ഗീയ ശക്തികളുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. അന്‍സിബയ്ക്ക് പിന്നില്‍ ആളുകളുണ്ടെന്നാണ് തോന്നുന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയെ തകര്‍ക്കാനും അതിലെ അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്താനും താത്പര്യമുള്ള ചിലര്‍ ഇതിലെല്ലാം പിന്നിലുണ്ടോ എന്ന ബലമായ സംശയം തനിക്കുണ്ടെന്നും ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത ദിവസം തന്നെ അന്‍സിബയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ലക്ഷ്മിപ്രിയ അറിയിച്ചിരിക്കുന്നത്. അന്‍സിബ വിചാരിച്ചാല്‍ തളരുന്ന ആളല്ല താനെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. രണ്ടുപേര്‍ തമ്മില്‍ സംസാരിച്ചാല്‍ തീരുമായിരുന്ന ഒരു വിഷയത്തെ മറ്റുള്ളവരുടെ മുന്നില്‍ ഒരു വലിയ കാര്യമായി ചിത്രീകരിക്കുകയും തന്റെ ഭര്‍ത്താവിനേയും കുട്ടിയേയും ഉള്‍പ്പെടെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയുമാണ് അന്‍സിബ ചെയ്തതെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. തന്റെ പ്രതിച്ഛായ തകര്‍ക്കാനും തന്നിലെ സ്ത്രീത്വത്തെ അപമാനിക്കാനുമാണ് അന്‍സിബ ശ്രമിച്ചതെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.

വെണ്ണല ക്ഷേത്രത്തില്‍ നിന്ന് അമ്മ പണം സ്വീകരിച്ചു എന്ന ഒറ്റക്കാരണമാണ് അന്‍സിബയെ ട്രിഗര്‍ ചെയ്തതെന്ന് ലക്ഷ്മിപ്രിയ ആരോപിച്ചു. അമ്മ ഒരു ചാരിറ്റി സംഘടനയാണ്. ഹിന്ദു സംഘടനകളില്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്നും ക്രിസ്ത്യന്‍ സംഘടനകളില്‍ നിന്നും മുസ്ലീം പള്ളികളില്‍ നിന്നുമെല്ലാം പണം സ്വീകരിക്കാന്‍ അമ്മയ്ക്ക് കുഴപ്പങ്ങളില്ല. എന്നാല്‍ വെണ്ണല ക്ഷേത്രത്തില്‍ നിന്ന് പണ്ട് സ്വീകരിച്ചപ്പോള്‍ ഇതില്‍ മതചിഹ്നം വരരുതെന്ന് പറഞ്ഞ് അന്‍സിബ വിഷയമുണ്ടാക്കിയെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു.