മലയാളികളുടെ പ്രിയപ്പെട്ട നടി ലക്ഷ്മി ഗോപാലസ്വാമി തൻ്റെ വിവാഹത്തെക്കുറിച്ചും സിംഗിൾ ലൈഫിനെക്കുറിച്ചും നടത്തിയ തുറന്നുപറച്ചിലുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ലക്ഷ്മി, 56-ാം വയസ്സിലും അവിവാഹിതയായി തുടരുകയാണ്.

കുടുംബവും കുട്ടികളും എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും തനിക്ക് ഒരിക്കലും വിവാഹം കഴിക്കണമെന്ന് തോന്നിയിട്ടില്ലെന്നുമാണ് ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കുന്നത്. ‘രാവിലെ കുട്ടികളെ സ്കൂളിൽ അയക്കാനായി അമ്മമാർ ബാഗും തൂക്കി നിൽക്കുമ്പോൾ, അത് എത്ര വലിയ ഉത്തരവാദിത്തമാണെന്ന് ഞാൻ ചിന്തിക്കാറുണ്ട്. അത് സ്ട്രെസ്സും കഷ്ടപ്പാടുമാണ്. അമ്മയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്, പക്ഷേ ആ ഉത്തരവാദിത്തം എനിക്ക് സെറ്റാവില്ല,’ താരം പറയുന്നു.

എല്ലാ സ്ത്രീകൾക്കും സ്വന്തമായി കുടുംബം വേണമെന്നും കുട്ടികൾ വേണമെന്നും ആഗ്രഹമുണ്ടാകുമെങ്കിലും തനിക്ക് ഇതുവരെ അങ്ങനെ ഒരു ആഗ്രഹം തോന്നിയിട്ടില്ലെന്ന് ലക്ഷ്മി പറയുന്നു. എന്നാൽ ചില സമയങ്ങളിൽ ഒറ്റയ്ക്കാണെന്ന തോന്നൽ ഉണ്ടാകാറുണ്ടെന്നും ഒരാൾ കൂടെയുണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും താരം തുറന്നു സമ്മതിക്കുന്നു. പക്ഷേ, ആ കൂടെയുണ്ടാകുന്നത് ശരിയായ ഒരാളായിരിക്കണം എന്ന നിർബന്ധം തനിക്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അഭിനയത്തിനൊപ്പം തന്നെ ക്ലാസിക്കൽ നൃത്തത്തിനും തുല്യ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ലക്ഷ്മി ഗോപാലസ്വാമി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷാ സിനിമകളിലും തൻ്റേതായ മുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.  തൻ്റെ ഇഷ്ടങ്ങൾക്കും കലയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ജീവിതശൈലിയാണ് ലക്ഷ്മി പിന്തുടരുന്നത്. കല്യാണം കഴിക്കാതെ നിൽക്കുന്ന നിരവധി കൂട്ടുകാർ തനിക്കുണ്ടെന്നും തൻ്റെ ജീവിതരീതിയിൽ താൻ സന്തുഷ്ടയാണെന്നും താരം വ്യക്തമാക്കിയിരുന്നു.