രാജ്യത്തിന്റെ വിദേശനാണ്യ, വിദേശ സംഭാവന നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് കാസർകോട്ടെ പ്രവാസിയുടെ വിദ്യാഭ്യാസ ട്രസ്റ്റിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. യുഎഇ ആസ്ഥാനമായുള്ള വ്യവസായിയും ചെയർമാനുമായ ഇബ്രാഹിം അഹമ്മദ് അലിയിൽ നിന്ന് 2021 മുതൽ കുണിയ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് നടത്തുന്ന കുഞ്ഞഹമ്മദ് മുസ്ലിയാർ മെമ്മോറിയൽ ട്രസ്റ്റിന് 220 കോടി രൂപ ലഭിച്ചുവെന്ന് ഇഡി പുറത്തിറക്കിയ പറയുന്നു.
2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം (എഫ്സിആർഎ) ട്രസ്റ്റ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഇഡി വ്യക്തമാക്കി. കൂടാതെ, വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോ ഒരു നിയുക്ത എഫ്സിആർഎ ബാങ്ക് അക്കൗണ്ടോ ട്രസ്റ്റിന് ഇല്ലായിരുന്നു. എഫ്സിആർഎയുടെ സെക്ഷൻ 2(1)(h) പ്രകാരം, പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ സ്രോതസ്സിൽ നിന്നുള്ള ഏതൊരു സംഭാവനയും, കൈമാറ്റവും, കറൻസി വിതരണവും വിദേശ സംഭാവനയായി കണക്കാക്കപ്പെടുന്നു. നിയമത്തിലെ സെക്ഷൻ 11 പ്രകാരം, വിദ്യാഭ്യാസ, സാംസ്കാരിക, മത, സാമൂഹിക അല്ലെങ്കിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു സംഘടനയും വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് മുമ്പ് എഫ്സിആർഎയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യുകയോ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി നേടുകയോ വേണം. എന്നാൽ ട്രസ്റ്റ് ഇത് രണ്ടും ചെയ്തിട്ടില്ലെന്ന് ഇഡി അറിയിച്ചു. 220 കോടി രൂപയുടെ മുഴുവൻ വരവും പ്രത്യക്ഷത്തിൽ നിയമവിരുദ്ധമാണെന്നാണ് ഇഡിയുടെ നിരീക്ഷണം.
ട്രസ്റ്റ് പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ അഭ്യർത്ഥിച്ചിട്ടില്ലാത്തതിനാൽ എഫ്സിആർഎ രജിസ്ട്രേഷൻ ആവശ്യമില്ലെന്നാണ് ട്രസ്റ്റുമായി ബന്ധപ്പെട്ടവർ പറയുന്നത്. പെരിയയ്ക്കടുത്തുള്ള കുണിയ എന്ന സ്വന്തം ഗ്രാമത്തിൽ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനം നിർമ്മിക്കാൻ സഹായിക്കുന്നതിനായി ചെയർമാൻ കൂടിയായ ഇബ്രാഹിം അഹമ്മദ് അലിയുടെ സ്വകാര്യ സ്വത്തിൽ നിന്നാണ് പണം ലഭിച്ചത്. എന്നാൽ ഈ അവകാശവാദം നിയമപരമായി നിലനിൽക്കില്ലെന്ന് ഇഡി വാദിക്കുന്നു.
ഇബ്രാഹിം അഹമ്മദ് അലിയുടെ യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനമായ യൂണിവേഴ്സൽ ലൂബ്രിക്കന്റ്സ് എൽഎൽസിയിൽ നിന്നാണ് പണം കൈമാറിയതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ ഫണ്ടുകൾ കണക്കുപുസ്തകങ്ങളിൽ ‘അൺസെക്യുവേർഡ് ലോണുകൾ’ അഥവാ ഈടില്ലാത്ത വായ്പകൾ ആയി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, വായ്പാ കരാറുകളോ പലിശ നിബന്ധനകളോ തിരിച്ചടവ് ഷെഡ്യൂളുകളോ ഉണ്ടായിരുന്നില്ലെന്നും ഇതുവരെ തിരിച്ചടവുകൾ നടത്തിയിട്ടില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. മാനുഷികപരമായ ഉദ്ദേശ്യമുണ്ടായിരുന്നിട്ടും, ധനസഹായം നൽകുന്ന രീതി 1999-ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ), എഫ്സിആർഎ എന്നിവയുടെ പ്രധാന വ്യവസ്ഥകൾ ലംഘിക്കുന്നുവെന്ന് ഇഡി ഉദ്യോഗസ്ഥർ പറയുന്നു. വിദേശ ഫണ്ടിന്റെ ഒരു ഭാഗം ഇന്ത്യയിൽ കൃഷിഭൂമി വാങ്ങാൻ ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. നിലവിലുള്ള ഫെമ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ഇത് ചെയ്തതെന്നും ഇഡി വ്യക്തമാക്കി. ഇബ്രാഹിം അഹമ്മദ് അലിയിൽ നിന്ന് ട്രസ്റ്റിന് 2.49 കോടി രൂപ പണമായി ലഭിച്ചതായും ഇത് ഫെമ വ്യവസ്ഥകളെ കൂടുതൽ ലംഘിക്കുന്നതാണെന്നും ഏജൻസി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വ്യാഴാഴ്ച, അതായത് 2025 ജൂലൈ 31-ന്, ഏജൻസിയുടെ കൊച്ചി സോണൽ ഓഫീസിലെ ഉദ്യോഗസ്ഥർ കാസർകോട് കുണിയയിൽ ട്രസ്റ്റുമായി ബന്ധപ്പെട്ട രണ്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കഴിഞ്ഞ നാല് വർഷത്തിനിടെ ട്രസ്റ്റിന് 220 കോടി രൂപ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തിരച്ചിലുകളിൽ, ഈടില്ലാതെ വായ്പകൾ വ്യക്തമാക്കുന്ന ലെഡ്ജർ അക്കൗണ്ടുകൾ, ഒരു ക്യാഷ് ബുക്ക്, സാമ്പത്തിക രേഖകൾ അടങ്ങിയ ഒരു ഹാർഡ് ഡ്രൈവ് എന്നിവ ഇഡി പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
മനുഷ്യസ്‌നേഹപരമായ സംഭാവനയോ എൻഡോവ്‌മെന്റോ ആയിട്ടാണ് പണം ഉദ്ദേശിച്ചിരുന്നതെങ്കിൽ, അത് സുതാര്യമായി പ്രഖ്യാപിക്കുകയും ശരിയായ രേഖകളുടെ പിന്തുണയോടെ അംഗീകൃത എഫ്സിആർഎ റൂട്ടുകളിലൂടെ കൈമാറുകയും ചെയ്യേണ്ടതായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വായ്പയായി കണക്കാക്കുക എന്നതായിരുന്നു ഉദ്ദേശ്യമെങ്കിൽ, റിസർവ് ബാങ്കിൽ നിന്നുള്ള ഔപചാരിക കരാറുകളും ക്ലിയറൻസും ആവശ്യമായി വരുമായിരുന്നു. പ്രത്യേകിച്ച് ഫെമ പ്രകാരം അതിർത്തി കടന്നുള്ള വായ്പയ്ക്ക് ഇത് നിർബന്ധമാണ്.