തിരിവനന്തപുരം: കേരള – കാലിക്കറ്റ് സർവകലാശാലകൾ ഫീസ് കുത്തനെ വർധിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കി കെഎസ്‍യു. പ്രതിഷേധത്തിൻ്റെ ഭാഗമായി കേരള – കാലിക്കറ്റ് യൂണിവേഴ്സിറ്റികൾക്ക് കീഴിൽ ഉള്ള മുഴുവൻ കോളേജുകളിലും നാളെ വ്യാഴാഴ്ച (14/11/2024) കെഎസ്‍യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു.

കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ നാളെ പഠിപ്പുമുടക്കി സമരം നടത്തുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി കേരള – കാലിക്കറ്റ് സർവകലാശാലകൾ ഫീസ് നിരക്ക് കുത്തനെ കൂട്ടുകയാണെന്ന് കെഎസ്‍യു ആരോപിച്ചു. മൂന്നും നാലും ഇരട്ടിയായാണ് വിദ്യാർഥികളുടെ ഫീസിൽ വർധന ഉണ്ടായിരിക്കുന്നതെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് ആരോപിച്ചു.