സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതർ പുറത്തിറക്കി.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസമാണ് സർക്കാർ പുറപ്പെടുവിച്ചത്. പദ്ധതിയുടെ ഭാഗമായി വരുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ തന്നെ പൂർണ്ണമായി വഹിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

സൗജന്യ യാത്ര അനുവദിക്കുന്ന 7 വിഭാഗം ബസുകൾ

ഓർഡിനറി ഫെയർ സ്റ്റേജ് വിഭാഗത്തിൽപ്പെടുന്ന എല്ലാ ബസുകളിലും സ്ത്രീകൾക്ക് ഇനി മുതൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

  1. ഓർഡിനറി
  2. സിറ്റി ഓർഡിനറി
  3. ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
  4. ടൗൺ ടു ടൗൺ
  5. ഫെയർ സ്റ്റേജ് ഓർഡിനറി
  6. പോയിന്റ് ടു പോയിന്റ് ഓർഡിനറി
  7. ഗ്രാമവണ്ടി

എന്നിവയാണ് സൗജന്യ യാത്രാ ആനുകൂല്യം ലഭ്യമാകുന്ന 7 വിഭാഗം ബസ്സുകൾ

ഉദ്ഘാടനം ജൂൺ 15-ന്

ഏറെ ജനശ്രദ്ധയാകർഷിച്ച ഈ വലിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15-ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും. നിലവിൽ സംസ്ഥാനത്തുടനീളം 2927 ഓർഡിനറി ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സിക്ക് ഉള്ളത്. എന്നാൽ ഇവയെല്ലാം പ്രതിദിനം സർവീസ് നടത്താറില്ലെന്നും യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ചായിരിക്കും ബസുകളുടെ എണ്ണത്തിൽ മാറ്റം വരുത്തുകയെന്നും അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ ഭൂരിഭാഗവും തെക്കൻ ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. തെക്കൻ മേഖലയിൽ ആകെ 1268 ഓർഡിനറി ഷെഡ്യൂളുകളാണുള്ളത്. മധ്യകേരളത്തിൽ 831 ഷെഡ്യൂളുകളും വടക്കൻ ജില്ലകളിൽ 828 ഷെഡ്യൂളുകളുമാണ് നിലവിൽ സർവീസ് നടത്തുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.