കോഴിക്കോട്: നഗരത്തിലെ വസ്ത്രവ്യാപാരസ്ഥാപനത്തിൽ വൻ തീപ്പിടിത്തം. പാളയത്തെ ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിലാണ് ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും രണ്ടരമണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ രാത്രി എട്ടരയോടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നുമില്ല.
ജയലക്ഷ്മി സിൽക്ക്സിൻ്റെ നാലുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഗോഡൗണിന്റെ ഭാഗത്തുനിന്നാണ് തീപടർന്നതെന്നാണ് വിവരം. തുടർന്ന് മുകൾനിലകളിലേക്കും കെട്ടിടത്തിൻ്റെ മറ്റുഭാഗങ്ങളിലേക്കും തീ ആളിപ്പടരുകയായിരുന്നു.
അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് ആദ്യം തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. പിന്നീട് ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് കൂടുതൽ യൂണിറ്റുകളും സ്ഥലത്തെത്തി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അത്യാധുനിക അഗ്നിരക്ഷാസേന വാഹനമായ ‘ഓസ്ട്രിയൻ പാന്തറും’ സ്ഥലത്തെത്തി. ഇത് ഉപയോഗിച്ചാണ് കെട്ടിടത്തിന് മുകളിലേക്ക് പടർന്ന തീയണയ്ക്കാനായത്. രണ്ടരമണിക്കൂറിന് ശേഷം തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ജീവനക്കാരെയെല്ലാം പുറത്തിറക്കിയിരുന്നു. അതിനാൽ കെട്ടിടത്തിനുള്ളിൽ ജീവനക്കാരോ മറ്റുള്ളവരോ അകപ്പെട്ടില്ല. തീപ്പിടിത്തെ തുടർന്ന് കെട്ടിടത്തിൻ്റെ വലിയൊരു ഭാഗം കത്തിനശിച്ചിട്ടുണ്ട്. റംസാൻ വിപണി കണക്കിലെടുത്ത് സ്ഥാപനത്തിൽ വലിയതോതിലുള്ള സ്റ്റോക്കുമുണ്ടായിരുന്നു. എന്താണ് തീപ്പിടിത്തതിന് കാരണമായതെന്ന് വ്യക്തമല്ല. മൂന്നുവർഷം മുൻപും ഇതേ സ്ഥാപനത്തിൽ തീപ്പിടിത്തമുണ്ടായിരുന്നു.



