നല്ല എരിവും പുളിയുമുള്ള മീൻകറിയുണ്ടേൽ ഊണിനൊപ്പം മാത്രമല്ല കപ്പ, ദോശ, അപ്പം എന്തിന് പൊറോട്ടയ്ക്കൊപ്പം വരെ ആഘോഷിക്കും. മീൻ മുളകിട്ടതോ, മുളകരച്ചതോ പോലുള്ള തേങ്ങ ചേർക്കാത്ത കറികളുടെ സവിശേഷത തന്നെ ഇതിന്റെ രുചിയാണ്. ഇത്തരം മീൻകറികൾ പിറ്റേന്നത്തേക്ക് രുചി ഒരുപടി കൂടെ ഉയർന്നു നിൽക്കും. കൊങ്കണി രുചിക്കൂട്ടിൽ ഇത്തരം മുളകിട്ട മീൻകറികൾ തന്നെ മൂന്നാല് തരത്തിലുണ്ട്. ഓരോ മീനിനനുസരിച്ച് ഇതിന്റെ പാചകരീതി മാറും. സവാള വറുത്ത് ഉണ്ടാക്കുന്ന മുളകിട്ടതാണ് കൂടുതൽ പ്രചാരത്തിലുള്ള രീതി. ഒരു വിധം എല്ലാ മീനുകളും ഈ രീതിയിൽ ഉണ്ടാക്കും. ചെമ്മീനിലും സ്രാവിലും കല്ലുമ്മക്കായയിലും ആണെങ്കിൽ കായം ആണ് പ്രധാനം. വറുത്ത വറ്റൽമുളകും പുളിയും മാത്രം അരച്ചെടുക്കുന്ന അരപ്പ് ഇവയിൽ ചേർത്ത് ഒടുക്കം കായം ചേർക്കുന്നതാണ് ഇതിന്റെ പാചകരീതി. കായം മീൻകറികളിൽ ചേർക്കുന്നത് മലയാളികൾക്ക് പുതുമ ഉള്ളതാവാൻ സാധ്യതയുണ്ട്.
വെളുത്തുള്ളി മാത്രം വറുത്തു ചേർക്കുന്ന മുളകിട്ടതും അതീവ രുചികരമാണ്. ചെമ്മീനിൽ മാത്രമാണ് ഈ രീതിയിൽ മുളകിട്ട കറിയുണ്ടാക്കുക. ഇനി അയല ആണെങ്കിൽ മറ്റൊരു മീനിലും പരീക്ഷിക്കാത്ത പ്രത്യേക രീതിയിൽ മുളകിട്ടത് ഉണ്ടാക്കും. മല്ലിയും ഉഴുന്നും മുളകും കൂടെ വറുത്തരയ്ക്കുന്നതാകും ഇതിന്റെ ചാറിന്റെ പ്രത്യേകത. നിറയെ സവാളയും ഇഞ്ചിയും പൊടിയായി അരിഞ്ഞും ചേർക്കും.
ഇന്ന് പരിചയപ്പെടുത്തുന്നത് കൊങ്കണി മീൻ രുചിക്കൂട്ടിൽ കൂടുതൽ പ്രചാരത്തിലുള്ള രീതിയാണ്. സവാള വറുത്ത ‘ ഉപ്കരി’ എന്ന് കൊങ്കണിയിൽ വിളിക്കും.
ഒരുപാട് ചേരുവകളുടെ അതിപ്രസരമില്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ മുളകിട്ടത് ഏകദേശം എല്ലാ തരം മീനുകളിലും ഉണ്ടാക്കാം. ചിത്രത്തിലുള്ളത് കോര മീൻ കൊണ്ടുള്ള സവാള വറുത്ത ഉപ്കരിയാണ്.
പാചകരീതിയിലേക്ക്
ചേരുവകൾ
- മീൻ കഷ്ണങ്ങൾ- ഒരു കിലോ
- സവാള- 4 വലുത്
- മുളകുപൊടി- 3-4 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി- 3-4 ടീസ്പൂൺ
- വാളൻ പുളി- ഒരു ചെറുനാരങ്ങ വലിപ്പത്തിൽ
- വെളിച്ചെണ്ണ- 3-4 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പുളി ഒരു കപ്പ് വെള്ളത്തിൽ കലക്കി തയ്യാറാക്കി വെയ്ക്കുക. സവാള പൊടിയായി അരിയുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള ചേർത്ത് അല്പം ഉപ്പ് ചേർത്ത് ചെറുതീയിൽ വറുക്കുക. നന്നായി വഴണ്ട്, സവാള ചുവന്നു വരുന്നതുവരെ തന്നെ വറുക്കണം. ഇതിലേക്ക് മുളകുപൊടി ചേർത്ത് ഏതാനും സെക്കന്റുകൾ വഴറ്റുക. ശേഷം ഈ കൂട്ടിലേക്ക് മീൻ കഷ്ണങ്ങൾ ചേർക്കുക. പുളി വെള്ളം ചേർക്കുക.
ആവശ്യത്തിന് ഉപ്പും ചാറിന് ആവശ്യമുള്ള വെള്ളവും ഒഴിച്ചു സാവധാനം മീൻചട്ടി ചുറ്റിച്ച് ഇളക്കുക. ചെറുതീയിൽ തന്നേ നന്നായി പാകം ചെയ്യുക. നല്ല തിള വന്ന് ചാറു കുറുകി വരുമ്പോൾ വാങ്ങി വെയ്ക്കാം. സവാള വറുത്ത ഉപ്കരി തയ്യാർ.



