കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ കിഴക്കമ്പലത്ത് ട്വന്റി ട്വന്റി-സിപിഎം പോര് മുറുകുന്നു. ബസ് സ്റ്റാൻഡിന്റെ പണി ഇഴയുന്നുവെന്ന് ആരോപിച്ച് ബാരിക്കേഡ് വെച്ച് അടച്ച ബസ് സ്റ്റാൻഡ് സിപിഎം തുറന്നുനൽകിയതോടെയാണ് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിക്കുന്ന ബസ് സ്റ്റാൻഡിനെചൊല്ലി ഇരുവിഭാഗവും തമ്മിലുള്ള പോര് രൂക്ഷമായത്.

ടോയ്ലറ്റ് ബ്ലോക്കും സൗജന്യമായി ഭക്ഷണം കൊടുക്കുന്നതിനുള്ള റെസ്റ്റോറന്റും ജിമ്മും അടക്കം പൂർണമായും എയർ കണ്ടീഷൻ ചെയ്തതാണ് കെട്ടിടം. 48 പേർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യമുള്ള ഹോട്ടലാണ് പണി കഴിപ്പിക്കുന്നത്. രണ്ട് മാസം കൊണ്ട് പണി പൂർണമായി തീരുമെന്നാണ് ട്വന്റി 20 അവകാശപ്പെടുന്നത്. പണി ഇഴയാൻ കാരണം നാട്ടിലെ വ്യവസ്ഥിതിയാണെന്നായിരുന്നു ട്വന്റി ട്വന്റിയുടെ പ്രതികരണം.

ആറ് മാസംകൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ ബസ് സ്റ്റാൻഡിന്റെ പണി ആറ് വർഷമായിട്ടും പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ചാണ് സിപിഎം കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡ് തുറന്ന് നൽകിയത്. അഴിമതിയാണ് ബസ് സ്റ്റാൻഡിന്റെ പണി ഇഴയാൻ കാരണമെന്നാണ് സിപിഎം ആരോപിക്കുന്നത്.