ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടന്ന വാർത്തകൾ നിഷേധിച്ചുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഖമേനി ഇപ്പോഴും ജീവനോടെയുണ്ടെന്നും സുരക്ഷിതനാണെന്നും അദ്ദേഹം വ്യക്തമാക്കി.

എനിക്കറിയാവുന്നിടത്തോളം ഖമേനി ഇപ്പോഴും ജീവനോടെയുണ്ട് എന്ന് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിദേശകാര്യ മന്ത്രി അരാഗ്ചി പറഞ്ഞു. ആക്രമണം തുടങ്ങിയ ഉടൻ തന്നെ ഖമേനിയെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും അതീവ സുരക്ഷയുള്ള ഭൂഗർഭ ഷെൽട്ടറുകളിലേക്ക് മാറ്റിയതായി ഇറാൻ അറിയിച്ചു.

 ഇസ്രായേൽ സർക്കാരിലെ ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ചായിരുന്നു ഈ വെളിപ്പെടുത്തൽ. ടെഹ്‌റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതിയും ഓഫീസും സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിന് നേരെ മിസൈലാക്രമണം ഉണ്ടായതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ചിത്രങ്ങളിൽ ഖമേനിയുടെ വസതിക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി കാണാം. ഇറാൻ ഭരണകൂടത്തിന്റെ തലവന്മാരെ നേരിട്ട് വകവരുത്തുക എന്നതായിരുന്നു ഇസ്രായേൽ ലക്ഷ്യമിട്ടതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നു. ഖമേനിയെയും പ്രസിഡന്റിനെയും ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.