തിരുവനന്തപുരം: സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതിൻ്റെ പേരിൽ കേരള സർവകലാശാലയിൽ തുടങ്ങിയ പോര് പുതിയ തലത്തിൽ. അനിശ്ചിതകാല അവധിക്കായി അപേക്ഷിച്ച റജിസ്ട്രാർ അനിൽകുമാറിന് സസ്പെൻഷനിലിരിക്കുമ്പോൾ അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്ന ചോദ്യമാണ് വിസി മോഹൻ കുന്നുമ്മൽ മറുപടി നൽകിയത്. ജൂലൈ 9 മുതൽ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷിച്ചത്. തൻ്റെ ചുമതല പരീക്ഷ കൺട്രോളർക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനായിരുന്നു വിസിയുടെ മറുപടി.

വിസിയുടെ മറുപടിക്ക് അധികം വൈകാതെ തന്നെ അനിൽകുമാർ മറുപടിയും നൽകി. താൻ സസ്പെൻഷനിൽ അല്ലെന്നും തന്‍റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയതാണെന്നും അനിൽകുമാർ ഈ ഇമെയിലിൽ ചൂണ്ടിക്കാട്ടി. സസ്പെൻഷൻ പരിശോധിക്കേണ്ടത് സിൻഡിക്കേറ്റാണ്. ഹൈക്കോടതിയും ഉചിതമായ ഫോറം പരിശോധിക്കാനാണ് നിർദേശിച്ചത്. അവധി അപേക്ഷ നൽകിയത് അനിശ്ചിതകാലത്തേക്ക് അല്ലെന്നും റജിസ്ട്രാർ തൻ്റെ രണ്ടാമത്തെ ഇമെയിലിൽ വിശദീകരിച്ചു.

റജിസ്ട്രാർ പദവിയിൽ അനിൽകുമാർ തുടരുന്നത് വിലക്കി ഇന്നലെ രാത്രി വിസി ഇൻ ചാർജ് സിസ തോമസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് സിസ തോമസിന് പകരം വിസി സ്ഥാനത്ത് മോഹൻ കുന്നുമ്മൽ അവധി കഴിഞ്ഞ് തിരിച്ചെത്തി. അതിന് പിന്നാലെയായിരുന്നു കെഎസ് അനിൽകുമാറിൻറെ അവധി അപേക്ഷ. ദേഹാസ്വാസ്ഥ്യം ഉള്ളത് കൊണ്ട് ഡോക്ടർമാരുടെ ഉപദേശ പ്രകാരം ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് അവധി വേണമെന്നായിരുന്നു അപേക്ഷ. തൻറെ അഭാവത്തിൽ പരീക്ഷാ കൺട്രോളർക്ക് രജിസ്ട്രാറുടെ ചുമതല നൽകണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥൻറെ അവധി അപേക്ഷക്ക് പ്രസക്തിയില്ലെന്ന് കാണിച്ച് വിസി മറുപടി നൽകി. അവധിയിൽ പോകുമോ അതോ നാളെ മുതൽ വീണ്ടും റജിസ്ട്രാർ കസേരയിലേക്ക് അനിൽകുമാർ എത്തുമോ എന്നതിൽ ആകാംക്ഷയുണ്ട്. വിസി രജിസ്ട്രാറുടെ ചുമതല നൽകിയ മിനി കാപ്പന് ഇതുവരെ ചുമതലയേൽക്കാനായിട്ടില്ല. നാളെ വിസി സർവ്വകലാശാല ആസ്ഥാനത്തെത്തിയാൽ എസ്എഫ്ഐ തടയും.

നാളത്തെ എസ്എഫ്ഐ- ഡിവവൈഎഫ്ഐ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചേക്കും. ഇന്നലത്തെ എസ്എഫ്ഐ മാർച്ചിൽ സർവ്വകലാശാല ആസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് എടുക്കാൻ വിസി നിർദ്ദേശിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് വിഭാഗത്തിൻറെ റിപ്പോർട്ട് അനുസരിച്ച് വിസി തുടർനടപടിയെടുക്കും. സംഘർഷത്തിൽ അറസ്റ്റിലായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുട ജാമ്യാപേക്ഷ വെള്ളിയാഴ്ചയിലേക്ക് മാറ്റി.