കുമ്പള ആരിക്കാടിയിലെ ടോൾ പിരിവിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നു. സമരം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസും കർശന നടപടികളിലേക്ക് കടക്കുകയാണ്. പ്രതിഷേധത്തിനിടെ ടോൾ ബൂത്തിലെ ചില്ലുകളും ഉപകരണങ്ങളുംം അടിച്ച് തകർത്തിരുന്നു. ഈ സംഭവത്തിലാണ് പോലീസ് ഇപ്പോൾ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ടോൾ പ്ലാസയുടെ നിയമസാധുതകൾ ചോദ്യം ചെയ്ത് കൊണ്ട് ആരംഭിച്ച പ്രതിഷേധം ജില്ലയിലെ ജനങ്ങൾ ഒന്നാകെ ഏറ്റെടുക്കുകയായിരന്നു. ജില്ലാ കളക്ടറുമായി ആക്ഷൻ കമ്മിറ്റി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സമരം അക്രമാസക്തമായത്. കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ടോൾ പിരിവ് തുടരുമെന്ന് ദേശീയപാത അതോറിറ്റി നിലപാടെടുത്തത് ജനങ്ങൾക്കിടയിൽ വലിയ രോഷം സൃഷ്ടിക്കുകയായിരുന്നു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിൻറെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും ചേർന്ന് പ്രദേശത്ത് ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തി വരികയാണ്.
ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സ്ഥിതിഗതികൾ സംഘർഷഭരിതമായത്. പ്രതിഷേധ സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ ഒരു വിഭാഗം ടോൾ ബൂത്തുകൾ ആക്രമിക്കുകയായിരുന്നു. പ്രതിഷേധക്കാർ ഗ്ലാസ് പാനലുകൾ തകർക്കുകയും സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ചെയ്തു. വലിയൊരു പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും, പെട്ടെന്നുണ്ടായ സംഘർഷം ദേശീയപാതയിൽ ചെറിയ ഗതാഗതക്കുരുക്കിനും കാരണമായി.



