പത്തനംതിട്ട: മണ്ഡല കാലത്ത് ശബരിമലയിൽ സൗജന്യ വൈഫൈ സേവനവുമായി ബിഎസ്എൻഎൽ രംഗത്ത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാകും സേവനം ലഭ്യമാകുക. സന്നിധാനത്ത് 22 ഉം, പമ്പയിലും നിലയ്ക്കലും 13 ഉം വീതമാണ് വൈഫൈ ഹോട്ട്സ്പോട്ടുകൾ ഉണ്ടാകുക. പമ്പയിലും നിലയ്ക്കലും എല്ലായിടത്തും വൈഫൈ ലഭ്യമാകും. സന്നിധാനത്ത് മരക്കൂട്ടം മുതലാണ് സേവനം ലഭിക്കുക.

തീർഥാടകർക്ക് ആദ്യ അരമണിക്കൂർ നേരമാണ് വൈഫൈ സൗജന്യമായി ലഭിക്കുക. അരമണിക്കൂർ കഴിഞ്ഞ് പണം നൽകി വൈഫൈ സേവനം തുടരാം. ദേവസ്വം ബോർഡും ബിഎസ്എൻഎല്ലും സംയുക്തമായാണ് വൈഫൈ പദ്ധതി നടപ്പാക്കുന്നത്. തീർഥാടന പാതയിൽ മൊബൈൽ കവറേജ് സുഗമമാക്കാൻ 21 മൊബൈൽ ടവറുകളും ബിഎസ്എൻഎൽ സജ്ജമാക്കിയിട്ടുണ്ട്. ഫോണിൽ വൈഫൈ കണക്ട് ചെയ്യേണ്ട സ്റ്റെപ്പുകൾ വിശദമായി അറിയാം.

ഫോണിൽ എങ്ങനെ വൈഫൈ കണക്ട് ചെയ്യാം?

  • ഫോണിൽ വൈഫൈ ഓപ്ഷൻ ഓണാക്കി BSNL Wifi എന്ന വൈഫൈ അഡ്രസിൽ ക്ലിക്ക് ചെയ്യുക.
  • ഇതിന് ശേഷം ഒടിപി ലഭ്യമാകാനായി മൊബൈൽ നമ്പർ നൽകണം.
  • മൊബൈൽ നമ്പരിലേക്ക് വരുന്ന ഒടിപി നൽകുക.
  • വൈഫൈ കണക്ടാകും.
  • അരമണിക്കൂർ കഴിയുമ്പോൾ ഇൻ്റർനെറ്റ് ചാർജ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാകും

ശബരിമലയിലും ‘സർവത്ര’

ബിഎസ്എൻഎൽ പുതിയതായി പ്രഖ്യാപിച്ച വൈഫൈ റോമിങ് പദ്ധതിയായ ‘സർവത്ര’യും തീർഥാടകർക്ക് ലഭ്യമാകും. വീടുകളിൽ ബിഎസ്എൻഎൽ ഫൈബർ കണക്ഷൻ എടുത്തിട്ടുള്ളവർക്ക് ശബരിമലയിൽ വൈഫൈ റോമിങ് ഉപയോഗിച്ചു വീട്ടിലെ ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കാം. ഇതിനായി https://portal.bsnl.in/ftth/wifiroaming എന്ന പോർട്ടലിലോ BSNL Wifi roaming എന്ന വൈഫൈ പോയിൻ്റിൽ നിന്നോ രജിസ്റ്റർ ചെയ്യണം.