കൊച്ചി: ചലച്ചിത്ര മേഖലയിൽ വനിതകൾക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് പുറത്തുവിടും. അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് അനുസരിച്ച് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുക.

ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അത് പുറത്തുവിടാത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളുയർന്നിരുന്നു. റിപ്പോർട്ട് ആവശ്യപ്പെട്ട് കമ്മിഷന് അപ്പീലും പരാതിയും നൽകിയ 5 പേർക്ക് 233 പേജുകൾ ഉൾപ്പെടുന്ന ഭാഗം ഇന്ന് 4 മണിയോടെയാണ് കൈമാറുക.

ഏതൊക്കെ ഭാഗങ്ങൾ നൽകുമെന്നും ഏതൊക്കെ ഒഴിവാക്കുമെന്നും വ്യക്തമാക്കി അപേക്ഷകർക്ക് നോട്ടിസ് നൽകാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എഎ ഹക്കീം നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കുന്നതായി റിപ്പോർട്ട് ആവശ്യപ്പെട്ട അഞ്ച് പേരെയും സാംസ്കാരിക വകുപ്പ് വിവരാവകാശ ഓഫീസർ അറിയിച്ചു.

ഇതിന് പിന്നാലെ അഞ്ച് പേരും റിപ്പോർട്ടിന്‍റെ പകർപ്പിനുള്ള 699 രൂപ വീതം ട്രഷറിയിൽ അടച്ചിട്ടുണ്ട്. ഈ മാസം ആദ്യമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടത്. സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും വിലക്കപ്പെട്ട വിവരങ്ങളൊഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്നും ഉത്തരവിലുണ്ട്.

2017 ജൂലൈയിലായിരുന്നു ചലച്ചിത്ര മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയെ സർക്കാർ രൂപീകരിച്ചത്. നടിയെ ആക്രമിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനം അന്വേഷിക്കാൻ പാനലിനെ നിയോഗിക്കണമെന്ന ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം. കെ ഹേമയ്ക്ക് പുറമെ മുൻ ഐഎസ് ഉദ്യോഗസ്ഥ കെബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ.