വാഹന രജിസ്ട്രേൻ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് സ്ഥിരം മേൽവിലാസമുള്ള  ഏതൊരാൾക്കും കേരളത്തിൽ എവിടെ വേണമെങ്കിലും വാഹന രജിസ്ട്രേഷൻ നടത്താം. നേരത്തെ സ്വന്തം മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്.

ഈ ചട്ടത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്. ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേൽവിലാസം ഉണ്ടെങ്കിൽ ഏത് ആർടി ഓഫീസിന് കീഴിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്. പുതിയ നിയമം വരുന്നതോടെ കാസര്‍കോട് ഉള്ള ഒരാള്‍ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്‍ സ്വന്തമാക്കാന്‍ സാധിക്കും.

മുൻപ് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആർടിഒ പരിധിയിൽ മാത്രമേ വാഹനം രജിസ്ട്രേഷൻ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇതോടെ അധികാരപരിധി ചൂണ്ടിക്കാട്ടി അർടിഒമാർക്ക് ഇനി വാഹനരജിസ്ട്രേഷൻ നിരാകരിക്കാനാകില്ല. തൊഴില്‍ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേല്‍വിലാസം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികള്‍ ഇതോടെ ഒഴിവാകുമെന്നും വിലയിരുത്തലുണ്ട്.