മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ, വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും, രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ലെന്നും, സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തകർന്ന കെട്ടിടം മെഡിക്കൽ കോളേജിന്റെ പഴയ ബ്ലോക്കാണെന്ന് മന്ത്രി വിശദീകരിച്ചു. ജെ.സി.ബി. അപകടസ്ഥലത്തേക്ക് എത്തിക്കാൻ പ്രയാസമുണ്ടായിരുന്നെന്നും, ആദ്യം രണ്ട് പേർക്ക് പരിക്കേറ്റു എന്നായിരുന്നു വിവരമെന്നും അവർ പറഞ്ഞു. പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ ഉടൻ തെരച്ചിൽ തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാലപ്പഴക്കം കാരണം കെട്ടിടം ഉപയോഗിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. അന്നൊന്നും അതിന് കാര്യമായ ഫണ്ട് വെച്ചിരുന്നില്ല. അടച്ച ബ്ലോക്ക് തന്നെയായിരുന്നു തകർന്നത്. ഏത് സാഹചര്യത്തിലാണ് ഈ കെട്ടിടം ഉപയോഗിക്കാൻ തുടങ്ങിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണ കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിയാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു (58) മരിച്ചത്. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രണ്ടര മണിക്കൂർ നേരമാണ് ബിന്ദു കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു ഈ അപകടം സംഭവിച്ചത്.



