കോട്ടയം: കേരള കോൺഗ്രസ്(എം) എൽഡിഎഫ് വിടണമായിരുന്നുവെന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വിമർശനം. മുന്നണി മാറാനുള്ള അവസരം നേതാക്കൾ ചേർന്ന് ഇല്ലതാക്കിയെന്നും യുഡിഎഫിലേക്കെത്താൻ ഇതിലും മികച്ച അവസരം ഇല്ലായിരുന്നുവെന്നും വിമർശനമുയർന്നു. പാർട്ടി ചെയർമാൻ ജോസ് കെ. മാണി അടക്കം പങ്കെടുത്ത യോഗത്തിലാണ് വിമർശനം.

മുന്നണിമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് കഴിഞ്ഞദിവസം കേരള കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചത്. എന്നാൽ ഈ നിലപാട് തള്ളുന്ന ചർച്ചകളാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ സ്റ്റിയറിങ് യോഗത്തിൽ നടന്നത്. കോട്ടയം ജില്ലയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറണമായിരുന്നുവെന്ന അഭിപ്രായം ഉയർത്തി. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥകളുമായി ബന്ധപ്പെട്ട അജണ്ടകൾ ചർച്ച ചെയ്യുന്നതിനായാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്നത്. ഈ യോഗത്തിലാണ് നേതാക്കൾ പരസ്യമായി ഇത്തരമൊരു നിലപാട് തുറന്നുപറഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നതെന്നും ഇപ്പോഴുണ്ടായത് പ്രധാനപ്പെട്ട അവസരമായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം നോക്കി പാർട്ടിക്ക് വോട്ടുചെയ്യുന്ന കാലമൊക്കെ കഴിഞ്ഞുവെന്നും അണികൾ ഒരുവിഭാഗം കോൺഗ്രസിനൊപ്പമാണെന്നും അഭിപ്രായങ്ങൾ ഉയർന്നു. അതിനാൽ തന്നെ യുഡിഎഫിനൊപ്പം ചേരുന്നതാണ് പാർട്ടിക്ക് നല്ലതെന്നാണ് വിമർശനമുന്നയിച്ചവർ മുന്നോട്ടുവെച്ചത്.

എൽഡിഎഫിന്റെ പ്രകടനപത്രികയിൽ റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് പറഞ്ഞിരുന്നു. കേരള കോൺഗ്രസുൾപ്പെടെ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും പ്രതികരണങ്ങളുണ്ടായി. നിലവിൽ 200 രൂപയാണ് താങ്ങുവില. വോട്ടുചോദിച്ചുപോകുമ്പോൾ ഇത്തരം ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം ഉണ്ടാകുമെന്ന് പറഞ്ഞ് ജോസ് കെ. മാണി ഇത് പ്രതിരേധിച്ചു. ഇപ്പോഴുണ്ടായ എൻഎസ്എസ്-എസ്എൻഡിപി ഐക്യം പോലും എൽഡിഎഫിന് ഗുണമായിട്ട് മാറുമെന്നും മുന്നണിയിൽ തുടരുന്നതാണ് നല്ലതെന്നും ജോസ് കെ. മാണി പറഞ്ഞു.