ദേശീയ രാഷ്ട്രീയത്തിൽ ജാതി-മത ചിന്തകൾ വോട്ടർമാരെ സ്വാധീനിക്കുമ്പോഴും, കേരളം അതിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുവെന്ന് ശശി തരൂർ എം.പി. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിന് പിന്നാലെ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് ശശി തരൂർ കേരളം സാമുദായിക ഐക്യത്തിന്റെ മാതൃകയാണെന്ന് കുറിച്ചത്. നിലവിലെ ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്തി നൂറിലധികം സീറ്റുകൾ നേടിയാണ് യു.ഡി.എഫ് വൻ തിരിച്ചുവരവ് നടത്തിയത്.
തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വർഗീയവാദികൾ ശ്രദ്ധിക്കേണ്ട ഒരു കേരള സ്റ്റോറിയുണ്ട് എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. “മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ തവനൂർ വി.എസ്. ജോയി എന്ന ക്രിസ്ത്യാനിയെ തിരഞ്ഞെടുത്തു. ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ കളമശ്ശേരിയിൽ വി.ഇ. അബ്ദുൾ ഗഫൂർ എന്ന മുസ്ലീമിനെ തിരഞ്ഞെടുത്തു. ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമായ കൊച്ചി മുഹമ്മദ് ഷിയാസ് എന്ന മുസ്ലീമിനെയാണ് തിരഞ്ഞെടുത്തത്,” ശശി തരൂർ കുറിച്ചു.



