ഐ എസ് എൽ 2025-26 സീസണിലെ മത്സരത്തിൽ ഇന്റർ കാശിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഇന്ന് വൈകുന്നേരം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സമനില കണ്ടെത്താൻ ടീമിനായില്ല.
മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ കളി തുല്യനിലയിൽ മുന്നേറവെ, 34-ാം മിനിറ്റിൽ നൗറിസ് പെട്‌കെവിഷ്യസിലൂടെ ഇന്റർ കാശി ആദ്യ ഗോൾ നേടി. ആൽഫ്രഡ് നൽകിയ പാസ് സ്വീകരിച്ച പെട്‌കെവിഷ്യസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. ആദ്യ പകുതിയിൽ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ഇന്റർ കാശിയുടെ പ്രതിരോധം മറികടക്കാനായില്ല.
രണ്ടാം പകുതിയിൽ എബിൻദാസ്, മർലോൺ ട്രൂജിലോ, ബികാഷ് യംനം എന്നിവരെ കറ്റാല കളത്തിലിറക്കി. ഈ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങൾക്ക് കൂടുതൽ കരുത്ത് നൽകി. പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്‌സലിന്റെ ഹെഡർ ഇന്റർ കാശി ഗോൾകീപ്പർ തടഞ്ഞിട്ടു. എന്നാൽ 78-ാം മിനിറ്റിൽ വലതുവശത്തുനിന്നുള്ള നീക്കത്തിനൊടുവിൽ ആൽഫ്രഡ് ലക്ഷ്യം കണ്ടതോടെ ഇന്റർ കാശി ലീഡ് രണ്ടാക്കി ഉയർത്തി.
രണ്ട് ഗോളിന് പിന്നിലായെങ്കിലും ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. 84-ാം മിനിറ്റിൽ ഇന്ത്യ എടുത്ത ഫ്രീ കിക്കിൽ നിന്നും വിക്ടർ ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ നേടി. കളിയുടെ അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ബ്ലാസ്റ്റേഴ്‌സ് ശക്തമായി സമ്മർദ്ദം ചെലുത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
ഇൻജുറി ടൈമിൽ ബെർട്ടോമിയുവിന് ലഭിച്ച ഹെഡർ അവസരം നേരിയ വ്യത്യാസത്തിൽ പുറത്തുപോയി.
മത്സരഫലം അനുകൂലമായില്ലെങ്കിലും രണ്ടാം പകുതിയിൽ ടീം പുറത്തെടുത്ത മികച്ച പോരാട്ടവീര്യം വരാനിരിക്കുന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് കരുത്താകും. ചെന്നൈയിൻ എഫ്‌സിക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്താനാണ് ടീം ഇനി ലക്ഷ്യമിടുന്നത്.



