കെനിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ പൊലീസ് പ്രകടനക്കാരുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ 10 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ നെയ്റോബിയിലേക്കുള്ള പ്രധാന റോഡുകള്‍ അധികൃതര്‍ അടച്ചു. പ്രതിഷേധക്കാര്‍ തീയിടുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് വെടിവയ്ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയുമായിരുന്നു. പ്രകടനക്കാര്‍ക്ക് പരിക്കേറ്റു. 47 കൗണ്ടികളില്‍ 17 എണ്ണത്തിലും പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അഴിമതിയും ഉയര്‍ന്ന ജീവിതച്ചെലവും ആരോപിച്ച് പ്രസിഡന്റ് വില്യം റൂട്ടോയുടെ രാജി ആവശ്യപ്പെട്ടാണ് കെനിയന്‍ യുവാക്കളും മറ്റുള്ളവരും ആഴ്ചകളായി പൊലീസ് ക്രൂരതയിലും മോശം ഭരണത്തിലും പ്രതിഷേധിക്കുന്നത്.

സബ സബ എന്നറിയപ്പെടുന്ന ജൂലൈ 7, കെനിയയുടെ ചരിത്രത്തിലെ ഒരു സുപ്രധാന തീയതിയാണ്, 35 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏകകക്ഷി രാഷ്ട്രത്തില്‍ നിന്ന് ബഹുകക്ഷി ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനത്തിനായി അന്നത്തെ പ്രസിഡന്റ് ഡാനിയേല്‍ അരപ് മോയിയോട് – റൂട്ടോയുടെ ഉപദേഷ്ടാവ് – ആഹ്വാനം ചെയ്ത ആദ്യത്തെ പ്രധാന പ്രതിഷേധമായിരുന്നു അത്. 1992 ലെ തിരഞ്ഞെടുപ്പുകളില്‍ ഇത് യാഥാര്‍ത്ഥ്യമായി. സബ സബ സെവന്‍ സെവന്‍ എന്നതിന്റെ സ്വാഹിലി ഭാഷയാണ്.