അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിൽ സുരക്ഷാ വീഴ്ച . രാമക്ഷേത്രത്തിൽ നിസ്ക്കരിക്കാൻ ശ്രമിച്ച കശ്മീരി  സ്വദേശി അറസ്റ്റിൽ. നിസ്കരിക്കുന്നത് തടഞ്ഞതിനെ തുടർന്ന് യുവാവ് മുദ്രാവാക്യം വിളിച്ചതായി വൃത്തങ്ങൾ പറയുന്നു. രഹസ്യാന്വേഷണ ഏജൻസികളും പോലീസും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

രാമക്ഷേത്ര സമുച്ചയത്തിന്റെ സീതാ രസോയിക്ക് സമീപം നമസ്‌കാരം നടത്താൻ യുവാവ് ശ്രമിച്ചതായി സ്രോതസ്സുകൾ പറയുന്നു. കശ്മീരി വസ്ത്രം ധരിച്ച യുവാവ് ഗേറ്റ് ഡി 1 വഴിയാണ്  രാമക്ഷേത്രത്തിൽ പ്രവേശിച്ചത്. കശ്മീരിലെ ഷോപ്പിയാൻ നിവാസിയായ അഹമ്മദ് ഷെയ്ഖ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാവിനെ ചോദ്യം ചെയ്യുകയും അയാളുടെ ഉദ്ദേശ്യങ്ങളും പശ്ചാത്തലവും വിശദമായി അന്വേഷിക്കുകയും ചെയ്യുകയാണ്.

അടുത്തയാഴ്ച അയോധ്യ ക്ഷേത്രത്തിൽ മകരസംക്രാന്തി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് ഈ സംഭവം. ആഘോഷവേളയിൽ ലക്ഷക്കണക്കിന് ആളുകൾ ക്ഷേത്രത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേതുടർന്ന് ​ന​ഗരത്തിലും ക്ഷേത്ര പരിസരത്തുമായി വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിലവിലെ സംഭവം പൊതുജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കാൻ ഇടയാകും.