എഫ്.ബി.ഐയുടെ തലപ്പത്തുനിന്ന് തന്നെ പുറത്താക്കിയേക്കുമെന്ന ഭീതിയില്‍ കാഷ് പട്ടേല്‍. പട്ടേലിന്റെ അമിത മദ്യപാനവും ജോലിയിലെ അച്ചടക്കമില്ലായ്മയും ഭരണകൂടത്തിനുള്ളില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഏപ്രില്‍ 10 ന് എഫ്.ബി.ഐയുടെ ആഭ്യന്തര കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാതെ വന്നതോടെ തന്നെ വൈറ്റ് ഹൗസ് പുറത്താക്കിയെന്ന് പട്ടേല്‍ ഉറപ്പിച്ചിരുന്നു. ഉടന്‍ തന്നെ തന്റെ സഹായികളെയും സുഹൃത്തുക്കളെയും വിളിച്ച് താന്‍ പുറത്തായ വിവരം പട്ടേല്‍ അറിയിച്ചു. എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയില്‍ ഇതൊരു സാങ്കേതിക പിഴവ് മാത്രമാണെന്ന് വ്യക്തമാകുകയായിരുന്നു. ഈ സംഭവം പട്ടേലിന്റെ പരിഭ്രാന്തി എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്നതായിരുന്നു.
പട്ടേലിന്റെ മദ്യപാന ശീലം ഗവണ്മെന്റിനുള്ളില് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വാഷിംഗ്ടണിലെ സ്വകാര്യ ക്ലബ്ബുകളിലും ലാസ് വെഗാസിലും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ പട്ടേലിനെ പലപ്പോഴും കണ്ടിട്ടുണ്ട്. ഇത് പല പ്രധാന യോഗങ്ങളും മാറ്റിവെക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായ പട്ടേലിനെ ഉണര്‍ത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പലപ്പോഴും പാടുപെടാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാഷ് പട്ടേലിന്റെ ഭരണകാലം ഒരു മാനേജ്മെന്റ് പരാജയം ആണെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റം രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംസാരമുണ്ട്. പട്ടേലിന് പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ട്രംപ് ഭരണകൂടത്തിനുള്ളില്‍ നടക്കുന്നുണ്ടെന്നാണ് സൂചന.
അതേസമയം, പട്ടേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് വൈറ്റ് ഹൗസ് വക്താവ് കരോലിന് ലീവിറ്റ് സ്വീകരിച്ചത്. ട്രംപിന്റെയും പട്ടേലിന്റെയും നേതൃത്വത്തില്‍ അമേരിക്കയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും പ്രമുഖ കുറ്റവാളികളെ ജയിലിലടയ്ക്കാന്‍ കഴിഞ്ഞെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു.



