ബെംഗളൂരു: കര്‍ണാടകയിലെ അധികാര തര്‍ക്കം ഒഴിയുന്നു. 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരും. അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാര്‍ തന്നെയായിരിക്കും പ്രധാനമുഖമെന്നും സിദ്ധരാമയ്യ ഉറപ്പു നൽകി. സിദ്ധരാമയ്യക്ക് കാലാവധി പൂര്‍ത്തിയാക്കാൻ ഡികെ ശിവകുമാര്‍ സമ്മതിച്ചതായാണ് എഐസിസി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇരുവരും തമ്മിൽ അധികാര തര്‍ക്കം ഉണ്ടാകില്ലെന്ന ഉറപ്പാണ് ഹൈക്കമാന്‍ഡ് നേടിയത്. അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ തന്നെ മുഖമെന്ന് പ്രാതൽ ചര്‍ച്ചയ്ക്കിടെയാണ് സിദ്ധരാമയ്യ ഉറപ്പുനൽകിയത്. എംഎൽഎമാരോട് സംസാരിച്ച് സിദ്ധരാമയ്യക്ക് തന്നെയാണ് പിന്തുണയെന്ന് ഹൈക്കമാന്‍ഡ് ഉറപ്പിച്ചിരുന്നു. ഇക്കാര്യം ശിവകുമാറിനെയും ധരിപ്പിച്ചു. ഇതോടെയാണ് ശിവകുമാറും അയഞ്ഞത്. കര്‍ണാടകയിലെ മന്ത്രിസഭ രൂപീകരണ സമയത്ത് ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നായിരുന്നു ധാരണ.