ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് റെഡ് എന്‍കൗണ്ടേഴ്‌സ് ഗ്രൂപ്പില്‍ ആദ്യം പങ്കുവെച്ച ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് ആര്‍.എസ്. റിബേഷിനെതിരെ അന്വേഷണം വകുപ്പുതല പ്രഖ്യാപിച്ചു. അദ്ധ്യാപകനായ റിബേഷിനെതിരെ പൊതു വിദ്യാഭ്യാസവകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആറങ്ങോട്ട് എം.എല്‍.പി. സ്‌കൂളിലെ അധ്യാപകനായ റിബേഷിനെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫിലാണ് പരാതിക്കാരന്‍.

തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കാണ്‌ അന്വേഷണ ചുമതല. റിബേഷിനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. അധ്യാപകനെതിരെ പോലീസ് കേസെടുത്തതായുള്ള പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.

വിവാദമായ സ്‌ക്രീന്‍ഷോട്ട് ആദ്യം പങ്കുവെച്ചത് റിബേഷ് ആണെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എവിടെനിന്ന് സന്ദേശം ലഭിച്ചുവെന്ന് റിബേഷ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. പോലീസ് റിബേഷിൻ്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് ജില്ലാ ഫൊറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് റിബേഷിനെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഡി.വൈ.എഫ്.ഐ. നിലപാട്.