മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരായ ഇപ്പോഴത്തെ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു.

കോടതി ഉത്തരവനുസരിച്ചാണ് അന്വേഷണമെങ്കില്‍ മാത്രം അംഗീകരിക്കാമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരായ എല്ലാ കേന്ദ്ര അന്വേഷണത്തെയും സിപിഎം എതിര്‍ക്കുന്നു.

കോണ്‍ഗ്രസ് കേന്ദ്ര നീക്കത്തെ അനുകൂലിക്കുന്നത് നിര്‍ഭാഗ്യകരമെന്നും കാരാട്ട് വ്യക്തമാക്കി. മാസപ്പടി കേസില്‍ വീണ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണത്തെയാണ് പ്രകാശ് കാരാട്ട് തള്ളിയത്.

കേന്ദ്ര സര്‍ക്കാരുകള്‍ പ്രതിപക്ഷത്തിനെതിരെ നടത്തുന്നത് രാഷ്ട്രീയ നീക്കമാണെന്നും പ്രകാശ് കരാട്ട് പറഞ്ഞു. ഇതില്‍ നയം വ്യക്തമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഏതു പ്രതിപക്ഷ സര്‍ക്കാരിനോ ഏത് മുഖ്യമന്ത്രിക്കോയെതിരെ നീക്കം നടത്തിയാലും ഞങ്ങള്‍ എതിര്‍ക്കും.

അത് പിണറായി വിജയനായാലും സിദ്ധരാമയ്യ, കെജ്രിവാള്‍, ഹേമന്ദ് സോറന്‍ എന്നിവരായാലും ഞങ്ങള്‍ എതിര്‍ക്കും. കാരണം ഇഡി എന്നാല്‍ സര്‍ക്കാരിന്റെരാഷ്ട്രീയ ആയുധമാണ്. കേരളത്തില്‍ എപ്പോള്‍ ഇഡി അന്വേഷണം വന്നാലും കോണ്‍ഗ്രസ് അതിനെ അനുകൂലിക്കും.

എല്ലാവരും ചേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇത്തരം കേസുകളെടുക്കരുതെന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. അന്വേഷണം നടക്കണമെങ്കില്‍ കോടതി നിര്‍ദ്ദേശിക്കുന്നതിന് അനുസരിച്ചുള്ള അന്വേഷണമാണ് വേണ്ടതെന്ന് എന്നദ്ദേഹം പറഞ്ഞു.