കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിന് പിന്നാലെ, കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടവും ചര്‍ച്ചയാവുന്നു. ഈ കെട്ടിടവും അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്. ഏറ്റവും ആശങ്കാജനകമായ കാര്യം, ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിച്ചിരിക്കുന്നത് ചോർന്നൊലിക്കുന്നതും ശോച്യാവസ്ഥയിലുമുള്ള കെട്ടിടത്തിലാണെന്നതാണ്. ഒരു വർഷം മുമ്പ് പൊളിക്കാൻ തീരുമാനിച്ച കെട്ടിടമാണിത്.

സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന് തൊട്ടടുത്താണ് ഈ അപകടാവസ്ഥയിലുള്ള കെട്ടിടം സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന്റെ ശോചനീയമായ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. കാലപ്പഴക്കമാണ് ഈ കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിക്കാൻ കാരണം. എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും ഇത് നടപ്പിലാക്കിയിട്ടില്ല.

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഡെന്റൽ കോളേജിനോട് ചേർന്നുള്ള ചുറ്റുമതിലും അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ടുണ്ട്. എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ് ഈ ചുറ്റുമതിലുള്ളത്. ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഈ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരിക്കുന്നത്.