കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം അഴുകിയ സംഭവത്തില്‍ നടപടി. രണ്ട് അറ്റന്‍ഡര്‍മാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പ്രവര്‍ത്തനരഹിതമായ ഫ്രീസറില്‍ മൃതദേഹം സൂക്ഷിച്ചത് വീഴ്ചയാണെന്ന് ആശുപത്രി സൂപ്രണ്ടിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വെള്ളിയാഴ്ച വൈകിട്ടാണ് മണിമല സ്വദേശി ജോമി ജോസഫ് മരണപ്പെട്ടത്. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്താനും തീരുമാനിച്ചു. തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയത്. എന്നാല്‍ ഇന്ന് രാവിലെ മൃതദേഹം കൊണ്ടുപോകാന്‍ ബന്ധുക്കള്‍ എത്തിയപ്പോഴാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ അടക്കമുള്ളവര്‍ ആശുപത്രി അധികൃതരെ പ്രതിഷേധം അറിയിച്ചു.

ഫ്രീസര്‍ തകരാറിനെ തുടര്‍ന്നാണ് മൃതദേഹം അഴുകിയത്. രണ്ട് ഫ്രീസറുകളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായിരുന്നു. ഇത് ശ്രദ്ധിക്കാതെ ജീവനക്കാരന്‍ മൃതദേഹം കയറ്റിവെച്ചതാണ് പ്രശ്‌നമായത്. ആശുപത്രി സൂപ്രണ്ടിന്റെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഗ്രേഡ് ടു ജീവനക്കാരായ രണ്ട് അറ്റന്‍ഡര്‍മാരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായിട്ടാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

മൃതദേഹം പിന്നീട് ആശുപത്രിയില്‍ എത്തിച്ച പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച സംസ്‌കാരം നടക്കും.