ന്യൂഡൽഹി: സെൽഫിയെടുക്കാൻ ശ്രമിച്ചയാളെ പിടിച്ചുതള്ളിയ സംഭവത്തിൽ നടിയും സമാജ് വാദി പാർട്ടി എംപിയുമായ ജയ ബച്ചനെതിരേ കങ്കണ റണൗട്ട്. ജയ ബച്ചൻ ഏറ്റവും ദുഷ്ടയായ സ്ത്രീയാണെന്നും അമിതാഭ് ബച്ചന്റെ ഭാര്യയായതുകൊണ്ട് മാത്രമാണ് ആളുകൾ അവരുടെ കോപവും വിവരമില്ലായ്മയും സഹിക്കുന്നതെന്നും നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

ആളെ പിടിച്ചുതള്ളിയ വീഡിയോയിലുള്ള ജയ ബച്ചന്റെ വസ്ത്രധാരണത്തെയും കങ്കണ പരിഹസിച്ചു. ജയ ബച്ചൻ ഒരു പോരുകോഴിയെ പോലെയാണെന്നും അവരുടെ തലയിലെ സമാജ് വാദി തൊപ്പി കോഴിപൂവ് പോലെയുണ്ടെന്നുമാണ് കങ്കണ പറഞ്ഞത്. ഇത് എന്തൊരു നാണക്കേടാണെന്നും കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

കഴിഞ്ഞദിവസമാണ് ജയ ബച്ചൻ തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചയാളെ പിടിച്ചുതള്ളുന്ന വീഡിയോ പുറത്തുവന്നത്. എന്താണ് നിങ്ങൾ ചെയ്യുന്നതെന്ന് ചോദിച്ചായിരുന്നു സമാജ് വാദി പാർട്ടിയുടെ തൊപ്പിയണിഞ്ഞെത്തിയ ജയ ബച്ചൻ ഇയാളെ തള്ളിമാറ്റിയത്. ഈ സമയം ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും ജയ ബച്ചന് സമീപത്തുണ്ടായിരുന്നു.