ചലച്ചിത്ര താരങ്ങളായ ജയറാമിൻ്റേയും പാര്‍വതിയുടേയും മകന്‍ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഡലായ തരിണി കലിംഗരാർക്ക് കാളിദാസ് താലിചാര്‍ത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.
രാവിലെ 7.15നും 8 നുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, ഭാര്യ രാധിക മകന്‍ ഗോകുല്‍ സുരേഷ്, മേജർ രവി തുടങ്ങിയവരും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്‍റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയില്‍ നിറയെ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു. മുല്ലപ്പൂ കൂടി ചൂടി കൂടുതല്‍ സുന്ദരിയായിരുന്നു വധു.



