തൃശ്ശൂർ: ഗുരുവായൂർ നിയമസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി വരുമോയെന്ന ചർച്ച മുറുകി. സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞതോടെ ചാനലുകളിൽ വാർത്ത നിറഞ്ഞു. കെ. മുരളീധരനെ മുൻനിർത്തിയാണ് നീക്കമെന്ന് പറഞ്ഞെങ്കിലും മത്സരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയതോടെ ടി.എൻ. പ്രതാപന്റെ പേരും പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ നാലുതവണയായി മുസ്ലിം ലീഗ് ഇവിടെ തോൽക്കുകയാണ്. 2001-ൽ പി.കെ.കെ. ബാവയ്ക്കുശേഷം ലീഗിന് ജയിക്കാനായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരന് ഏഴായിരത്തിലധികം വോട്ടിന്റെ ലീഡ് കിട്ടിയത് ഗുരുവായൂരിലായിരുന്നു. മത്സരത്തിൽ മുരളി മൂന്നാംസ്ഥാനത്തായിട്ടും ഇവിടെ മികച്ച പ്രകടനമായി. ഇത്തരം വസ്തുതകളെല്ലാം നിരത്തിയാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ സീറ്റ് ആവശ്യം ഉന്നയിക്കുന്നത്. ശക്തമായ സംഘടനാസംവിധാനമുള്ള ഗുരുവായൂരിൽ കോൺഗ്രസിന് ജയം ഉറപ്പാണെന്ന വിലയിരുത്തൽ ജില്ലാ നേതൃത്വത്തിനുമുണ്ട്. ഇതവർ കെപിസിസിയെ അറിയിക്കുകയും ചെയ്തു.

ലോക്സഭയിൽനിന്ന് പിന്മാറിയ ടി.എൻ. പ്രതാപന് നിയമസഭയിലേക്ക് മത്സരിക്കാനാണ് താത്പര്യം. മുൻപ് മത്സരിച്ച മണ്ഡലങ്ങളെക്കാൾ കുറേക്കൂടി സുരക്ഷിതമാണ് ഗുരുവായൂർ എന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വിലയിരുത്തൽ.

ലീഗിന് കുറച്ചുകാലമായി നോട്ടമുള്ള പട്ടാമ്പി സീറ്റ് വിട്ടുകൊടുത്ത് ഗുരുവായൂർ ഏറ്റെടുക്കാമെന്ന ചില ആലോചനകൾ അങ്ങനെയാണ് കോൺഗ്രസ് നേതൃത്വത്തിനുണ്ടായത്. എന്നാൽ, ഇക്കാര്യത്തിൽ മുന്നണിക്കുള്ളിൽ കാര്യമായ ചർച്ചകളൊന്നും നടന്നിട്ടുമില്ല. പ്രതാപന്റെ പേര് വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ചിലരാണ് മുരളീധരന്റെ പേര് മുൻനിർത്തി ഇപ്പോൾ പ്രചാരണം തുടങ്ങിയതെന്നും പറയുന്നുണ്ട്.

ജില്ലാലീഗ് നേതൃത്വം നീക്കത്തിനെതിരേ ശക്തമായി രംഗത്തുണ്ട്. ജില്ലയിലുള്ള ഏക സീറ്റ് വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നാണവരുടെ നിലപാട്. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്ന പ്രവർത്തകരുടെ വികാരം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ഇക്കാര്യത്തിൽ മറ്റൊരു ചർച്ചയും നടന്നിട്ടില്ല. സീറ്റിന്റെയും സ്ഥാനാർഥികളുടെയും കാര്യം തീരുമാനിക്കുന്നത് കെപിസിസിയും യുഡിഎഫുമാണെന്നും അദ്ദേഹം വ്യക്തമാക്കി.