കൊച്ചി: കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്നാഴ്ചയായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 2005 മുതൽ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച അദ്ദേഹം നിയമരംഗത്ത് ശ്രദ്ധേയമായ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കൊല്ലം മയ്യനാട് സ്വദേശിയായ അദ്ദേഹം ഔദ്യോഗിക ജീവിതത്തിന് ശേഷവും സാമൂഹിക പ്രസക്തമായ വിവിധ ചുമതലകളിൽ സജീവമായിരുന്നു.

ഹൈക്കോടതിയിൽ നിന്നുള്ള വിരമിക്കലിന് ശേഷം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച തെരുവുനായ ആക്രമണ ഇരകൾക്കുള്ള നഷ്ടപരിഹാര സമിതിയുടെ അധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചു. 2016 രൂപീകരിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരമാണ് ഇരകൾക്കായി ശുപാർശ ചെയ്തത്. ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ, നുവാൽസ് (NUALS) വൈസ് ചാൻസലർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.