വിദേശ രാജ്യങ്ങളിലെന്നപോലെ, 18 വയസ്സിന് താഴെയുള്ള വ്യക്തികൾ തമ്മിലുള്ള ഉഭയകക്ഷിപ്രകാരമുള്ള ലൈംഗിക ബന്ധത്തെ പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നിയമത്തിൽ ‘റോമിയോ-ജൂലിയറ്റ്’ വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. പരസ്പര സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങളെ വളച്ചൊടിച്ച് പോക്സോ കേസുകൾ ഫയൽ ചെയ്യുന്ന പതിവ് രീതി ചർച്ചയായതോടെയാണ് ‘റോമിയോ-ജൂലിയറ്റ്’ വകുപ്പ് കോടതി പരിഗണിച്ചത്.
കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് കോടതിയുടെ പുതിയ നീക്കം. 18 വയസ്സിന് താഴെയുള്ള ഒരു നിശ്ചിത പ്രായവ്യത്യാസമുള്ള കമിതാക്കൾ തമ്മിലുള്ള ലൈംഗിക ബന്ധങ്ങൾ പരസ്പര സമ്മതത്തോടെയാണെങ്കിൽ ‘റോമിയോ-ജൂലിയറ്റ്’ വകുപ്പ് ശിക്ഷയിൽ നിന്ന് മോചനം നൽകുന്നു.
ഉഭയകക്ഷി പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് കണക്കാക്കുന്ന പ്രായത്തെക്കാൾ രണ്ടോ മുതൽ നാല് വയസ്സുവരെ കുറവുള്ളവർ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കാത്ത വ്യവസ്ഥ പല വിദേശരാജ്യങ്ങളിലും നിലവിലുണ്ട്.
വ്യാജ പരാതികൾ നൽകി കൗമാരക്കാരുടെ ജീവിതം തകർക്കുന്നവർക്കെതിരെ നിയമനടപടി വേണമെന്നും കോടതി നിർദേശിച്ചു. രാജ്യത്തുടനീളമുള്ള കോടതികളിൽ പെൺകുട്ടിയുടെ പ്രായം 18 വയസിന് താഴെയാണെന്ന് തെറ്റായി കാണിച്ച് ആൺകുട്ടിയെ പോക്സോയുടെ കർശനമായ വ്യവസ്ഥകൾക്ക് കീഴിൽ കൊണ്ടുവരുന്ന കേസുകൾ ആവർത്തിച്ച് കണ്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.



