ന്യൂഡൽഹി: ജഡ്ജി നിയമന പട്ടികയിൽ തങ്ങളെ പരിഗണിക്കാൻ കേരള ഹൈക്കോടതി കൊളീജിയത്തോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുതിർന്ന രണ്ട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിമാർ സുപ്രീം കോടതിയെ സമീപിച്ചു. തൃശൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി സൈദലവി പി.പി., തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവരും ഫയൽചെയ്ത റിട്ട് ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി ലിസ്റ്റ് ചെയ്തു.
1997-ൽ ജുഡീഷ്യൽ സർവ്വീസിൽ പ്രവേശിച്ച സൈദലവി പി.പിയും കെ.ടി. നിസാർ അഹമ്മദും 27 വർഷത്തെ ജുഡീഷ്യൽ സർവ്വീസുള്ളവരാണ്. എന്നാൽ, ജഡ്ജി നിയമനത്തിന് കേരള ഹൈക്കോടതി കൊളീജിയം തയ്യാറാക്കി ജൂൺ മാസം സുപ്രീം കോടതി കൊളീജിയത്തിന് കൈമാറിയ ജുഡീഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ഇരുവരുടെയും പേര് ഉൾപ്പെടുത്തിയിരുന്നില്ല. അർഹത ഉണ്ടായിട്ടും തങ്ങളുടെ പേരുകൾ ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തതിനെതിരായാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ ദീപക് പ്രകാശ് ഫയൽചെയ്ത ഹർജി ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.



