ടെഹ്റാന്: ഇറാനിയന്‍ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ മിന്നലാക്രമണത്തിൽ അമേരിക്കയും പങ്കുചേർന്നതായി റിപ്പോർട്ട്. ആക്രമണത്തിനു പിന്നാലെ ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചു. ഇസ്രായേൽ നടത്തുന്ന ഈ ‘പ്രതിരോധ ആക്രമണത്തിൽ’ അമേരിക്കയും പങ്കാളികണാണെന്നാണ് റിപ്പോർട്ടുകൾ. പേര് വെളിപ്പെടുത്താത്ത ഇസ്രായേൽ പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയെ ടെഹ്റാനിൽനിന്ന് അതീവ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. സുരക്ഷാ കാരണങ്ങളാൽ ഇറാൻ സിവിൽ ഏവിയേഷൻ അഥോറിറ്റി തങ്ങളുടെ വ്യോമപാതകൾ അനിശ്ചിതകാലത്തേക്ക് അടച്ചു. നേരത്തെ ഇസ്രയേലും സിവിലിയൻ വിമാനങ്ങൾക്കായി വ്യോമപാത അടച്ചിരുന്നു.
ടെഹ്റാൻ നഗരമധ്യത്തിലും കിഴക്കൻ മേഖലയിലും രണ്ട് ശക്തമായ സ്ഫോടനങ്ങൾ കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു മിസൈൽ ആക്രമണമാണെന്ന് ഇറാനിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. നഗരത്തിനു മുകളിൽ കറുത്ത പുകപടലങ്ങൾ ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം
ആക്രമണത്തിനു പിന്നാലെ ഇസ്രായേലിലെ നഗരങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി. തിരിച്ചടി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സർക്കാർ നിർദേശിച്ചു. അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ ഈ സംഘർഷത്തെ ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്കു നയിച്ചേക്കുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.



